കൊച്ചി > കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങിയത് തെലുങ്ക് സിനിമാതാരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, തെലുങ്ക് നിര്‍മാതാവായ അല്ലു അരവിന്ദ്, ആന്ധ്രപ്രദേശില്‍നിന്നുള്ള വ്യവസായി നിമ്മഗഡ്ഡ പ്രസാദ് എന്നീ നാല് പേര്‍. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമസ്ഥരാണിവര്‍. സച്ചിന്‍ ഓഹരികള്‍ ഇവര്‍ക്കാണ് കൈമാറിയത്. നേരത്തെ, പ്രസാദ് പോട്ടലൂരി എന്ന വ്യവസായിയാണ് സച്ചിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥത കൈയാളിയത്. 2015ല്‍ പോട്ടലൂരി തന്റെ ഓഹരികള്‍ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറി.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ നിന്നും ഒഴിയുന്ന കാര്യം സച്ചിന്‍ തന്നെയാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ നാലുവര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശമായിരുന്ന സൂപ്പര്‍താരസാന്നിധ്യം ക്ലബ്ബിനു നഷ്ടമായി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന കളിക്കളത്തിലെ സച്ചിന്റെ വിളിപ്പേരില്‍നിന്നാണ് ബ്ലാസ്‌റ്റേഴ്‌സ് എന്ന പേര് ക്ലബ്ബിനു കൈവന്നത്.
2014ല്‍ ക്ലബ് സ്ഥാപിതമായതുമുതല്‍ സച്ചിന്‍ സഹയുടമയായിരുന്നു. മറ്റ് ആദ്യകാല ഉടമകള്‍ വിട്ടുപോയെങ്കിലും കേരളവുമായി ഏറെ ആത്മബന്ധം സ്ഥാപിച്ച സച്ചിന്‍ തുടര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് മഞ്ഞജഴ്‌സി അണിഞ്ഞ് ഗ്യാലറിയില്‍ എത്തുന്ന ഇതിഹാസതാരം കളിക്കാരിലും കാണികളിലും ഏറെ ആവേശം നിറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി നല്ലബന്ധം നിലനിര്‍ത്തിയ സച്ചിന്‍, കേരളത്തില്‍ വിവിധ കായികവികസന പദ്ധതികളില്‍ പങ്കാളിയാകാമെന്ന് വാഗ്‌ദാനവും നല്‍കി.
എന്റെ ഹൃദയത്തിന്റെ ഒരുഭാഗം എന്നും ബ്ലാസ്‌റ്റേഴ്‌സിനായി തുടിക്കുമെന്ന് ഉടമസ്ഥാവകാശം കൈയൊഴിയുന്നു എന്നറിയിച്ച പ്രസ്താവനയില്‍ സച്ചിന്‍ പറഞ്ഞു. നാലു വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ കാലയളവില്‍ ലക്ഷക്കണക്കിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അനുഭവിച്ച എല്ലാ വികാരങ്ങളും ഞാനും അനുഭവിച്ചു. അഞ്ചാം വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുമ്ബോള്‍ അടുത്ത അഞ്ചുവര്‍ഷം മുന്നില്‍ക്കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ക്ലബ് നടത്തുകയെന്നത് പ്രധാനമാണ്. എന്റെ പങ്ക് എന്താണെന്ന് ഞാന്‍ വ്യക്തമാക്കേണ്ട സമയംകൂടിയാണിത്. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് വളരെ നല്ല അവസ്ഥയിലാണ്. ആരാധകരുടെ നിരുപാധിക പിന്തുണയിലൂടെ കൂടുതല്‍ വിജയങ്ങള്‍ എത്തിപ്പിടിക്കാനുള്ള പ്രയാണത്തിലുമാണ് ക്ലബ് സച്ചിന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ശതകോടീശ്വരനായ മലയാളി വ്യവസായിയുടെ സ്ഥാപനം ബ്ലാസ്‌റ്റേഴ്‌സിനെ പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സും പ്രസ്‌തുത വ്യവസായ സ്ഥാപനത്തിന്റെ അധികൃതരും ഇക്കാര്യം നിഷേധിച്ചു.