സംസ്ഥാനത്ത് 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായായിരിക്കും പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് 57 പോക്‌സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനും കുറ്റവാളികള്‍ക്ക് വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കുന്നതിനുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കുട്ടികള്‍ക്കെതിരെയുള്ള 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് പോക്‌സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.