• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഏഷ്യന്‍ ബാഡ്‌മിന്റന്‍: ഇന്ത്യയ്‌ക്ക്‌ നിരാശ, സൈന, സിന്ധു, സമീര്‍ പുറത്ത്‌

ഏഷ്യന്‍ ബാഡ്‌മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക്‌ നിരാശ. ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്കു മിഴിവേകി ക്വാര്‍ട്ടറില്‍ കടന്ന മൂന്നു താരങ്ങളും തോറ്റു. വനിതാ വിഭാഗം സിംഗിള്‍സില്‍ ഏഴാം സീഡ്‌ സൈന നെഹ്‌വാള്‍, നാലാം സീഡ്‌ പി.വി. സിന്ധു എന്നിവരും പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മയുമാണ്‌ തോറ്റു പുറത്തായത്‌.

ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂചിയാണ്‌ സൈനയെ തോല്‍പ്പിച്ചത്‌. മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ 13-21, 23-21 എന്ന സ്‌കോറിനാണ്‌ യമാഗൂചിയുടെ ജയം. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൈന 14-11നു മുന്നിലായിരുന്നെങ്കിലും തിരിച്ചടിച്ച യമാഗൂചി സെറ്റും മല്‍സരവും സ്വന്തമാക്കി. യമാഗൂചിക്കെതിരെ ഒന്‍പതു മല്‍സരങ്ങളില്‍ സൈനയുടെ എട്ടാം തോല്‍വിയാണിത്‌. നേരത്തെ, കൊറിയയുടെ കിം ഗാ യുന്നിനെതിരെ 38 മിനിറ്റു നീണ്ട പോരാട്ടത്തില്‍ 21-15, 21-19നു ജയിച്ചാണ്‌ സൈന ക്വാര്‍ട്ടറില്‍ കടന്നത്‌.

അതേസമയം, കാനഡയുടെ സീഡില്ലാ താരം കായ്‌ യാന്‍യാനെയോടു തോറ്റാണ്‌ ഒളിംപിക്‌സ്‌ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ മടക്കം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ യാന്‍യാനെ സിന്ധുവിനെ തകര്‍ത്തത്‌. സ്‌കോര്‍: 2119, 219. പുരുഷ വിഭാഗത്തില്‍ ചൈനയുടെ രണ്ടാം സീഡ്‌ ഷി യുഖിയോടു തോറ്റാണ്‌ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ പുറത്തായത്‌. 1021, 1221 എന്ന സ്‌കോറിനാണ്‌ സമീറിന്റെ തോല്‍വി. കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍ യുഖിയ്‌ക്കെതിരെ സമീര്‍ വര്‍മയുടെ അഞ്ചാം തോല്‍വി കൂടിയാണിത്‌. നേരത്തെ, ഹോങ്കോങ്ങിന്റെ കാ ലോങ്‌ ആങ്കസിനെ 21-12, 21-19നു കീഴടക്കിയാണ്‌ സമീര്‍ ക്വാര്‍ട്ടറില്‍ കടന്നത്‌.

Top