• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അന്ന്‌ ആസിഡ്‌ കേസ്‌, ഇന്ന്‌ ബലാത്സംഗം; 'ശിക്ഷ നടപ്പാക്കുന്നത്‌' സജ്ജനാര്‍

വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസിന്റെ തലവന്‍ മുന്‍പും സമാനമായ രീതിയില്‍ പ്രതികളെ വധിച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. സൈബരാബാദ്‌ പോലീസ്‌ കമ്മീഷണര്‍ വി. സി സജ്ജനാര്‍ മുന്‍പ്‌ പോലീസ്‌ സൂപ്രണ്ട്‌ ആയിരുന്നപ്പോള്‍ ആസിഡ്‌ ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്ന്‌ യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

സജ്ജനാര്‍ 2008ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ്‌ സൂപ്രണ്ടായിരുന്നപ്പോഴാണ്‌ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്‌. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ്‌ ആക്രമണം നടത്തിയ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥികളായ ശ്രീനിവാസ്‌, ഹരികൃഷ്‌ണ, സഞ്‌ജയ്‌ എന്നിവരാണ്‌ അന്ന്‌ പോലീസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്‌. ആക്രമണത്തിന്‌ ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ്‌ കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത്‌ പ്രതികളെ എത്തിച്ച്‌ തെളിവെടുക്കുന്നതിനിടെയാണ്‌ സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നത്‌.

തെളിവെടുപ്പിനിടെ പ്രതികള്‍ പെട്ടെന്ന്‌ ഒരു നാടന്‍ തോക്ക്‌ പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ്‌ ആക്രമണം നടത്തുകയും ചെയ്‌തെന്നായിരുന്നു പോലീസ്‌ ഭാഷ്യം. സ്വയരക്ഷയ്‌ക്കുവേണ്ടി പോലീസ്‌ വെടിയുതിര്‍ക്കുകയും മൂന്നുപേരെയും വധിക്കുകയും ചെയ്‌തു എന്നും അന്ന്‌ സജ്ജനാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, പോലീസ്‌ പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ്‌ ഇവരെ വധിക്കുകയായിരുന്നെന്ന്‌ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.

നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടുല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്‌. ഹൈദരാബാദില്‍ നയീമുദ്ദീന്‍ എന്ന നക്‌സലൈറ്റിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും വി.സി. സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

വാറങ്കലില്‍ പ്രതികളെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ സജ്ജനാര്‍ക്ക്‌ അനുകൂലമായി നിരവധി പേരാണ്‌ രംഗത്തെത്തിയത്‌. പലയിടത്തും ഇദ്ദേഹത്തിന്‌ സ്വീകരണം ലഭിച്ചു. ഇത്തരം ശിക്ഷാരീതി ഹൈദരാബാദ്‌ കേസിലും വേണമെന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളും നടന്നിരുന്നു. ഇതിനിടെയാണ്‌ പോലീസ്‌ ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെടുന്നത്‌.

ഡോക്ടറുടെ വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ്‌ എന്നിവര്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ 3.30ന്‌ ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ്‌ സൈബരാബാദ്‌ പോലീസ്‌ പറയുന്നത്‌. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ്‌ പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്‌.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത്‌ തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോള്‍ നാലുപേരും പോലീസിനെ ആക്രമിക്കാനും ഓടിരക്ഷപ്പെടാനും ശ്രമിച്ചെന്നാണ്‌ പോലീസ്‌ ഭാഷ്യം. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ വെടിവെപ്പിലാണ്‌ പ്രതികളുടെ മരണം സംഭവിച്ചതെന്നും പോലീസ്‌ അവകാശപ്പെടുന്നു.

വെറ്ററിനറി ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന ആവശ്യം പലകോണുകളില്‍നിന്ന്‌ ഉയര്‍ന്നു. ശിക്ഷ നടപ്പാക്കുന്നതിന്‌ പ്രതികളെ ജനങ്ങള്‍ക്ക്‌ വിട്ടുനല്‍ണമെന്ന്‌ ജയാ ബച്ചന്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞത്‌ വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്‌തിരുന്നു.

Top