ഇന്ത്യയില്‍ നിന്ന് പാകിസ്‌താനിലേക്ക് സര്‍വീസ് നടത്തിവന്ന സംഝോതാ എക്‌സ്‌പ്രസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായി. ഞായറാഴ്‌ച ഇന്ത്യയില്‍ നിന്ന് സംഝോതാ എക്‌സ്‌പ്രസ് പുറപ്പെടും. പാകിസ്‌താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്‌താന്‍ വിട്ടയച്ചതിന് പിന്നാലെയാണ് ഈ അടിയന്തരനീക്കം.
നേരത്തെ ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്‌താന്‍ തീവണ്ടി സര്‍വീസ് നിര്‍ത്തിവെച്ചത്. ഫെബ്രുവരി 28ഓടെ ഇന്ത്യയും സര്‍വീസ് നിര്‍ത്തുകയായിരുന്നു. നേരത്തെ ഒരു തീവണ്ടിയാണ് ലാഹോര്‍ വരെ ഓടിയിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇനി പാകിസ്‌താനിലും ഇന്ത്യയിലും വേറെ വേറെ കോച്ചുകള്‍ ഉപയോഗിച്ചാവും സര്‍വീസ് നടത്തുക.
ഇന്ത്യന്‍ ഭാഗത്ത് ഡല്‍ഹിയില്‍ നിന്ന് അട്ടാരി വരെയും പാകിസ്‌താന്‍ ഭാഗത്ത് ലാഹോറില്‍ നിന്ന് വാഗ വരെയുമാണ് സംഝോതാ എക്‌സ്‌പ്രസ് സര്‍വീസ് നടത്തുക. യോജിപ്പ് എന്നര്‍ത്ഥം വരുന്ന സംഝോത എന്ന പേരുള്ള തീവണ്ടിയില്‍ ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു എ.സി ത്രീ ടയര്‍ കോച്ചുമാണ് ഉള്ളത്. ഷിംല കരാറിന്റെ ഭാഗമായി 1976 ജൂലൈ 22നാണ് സംഝോതാ എക്‌സ്‌പ്രസ് സര്‍വീസ് ആരംഭിച്ചത്.