സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ട് സനലിന് ചെകിട്ടത്തടിച്ച് വാഹനത്തിന്‍റെ മുന്നിലേക്ക് ഡി.വൈ.എസ്.പി എടുത്തെറിയുകയായിരുന്നു. തള്ളിയിട്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അതിനാല്‍ ഡി.വൈ.എസ്.പിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ഡി.വൈ.എസ്.പിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കാന്‍ ഇരിക്കെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മനഃപൂര്‍വം കൊലപാതകം നടത്തിയതിന് രണ്ട് ദൃക്സാക്ഷി മൊഴികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകള്‍ കൂടി ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കൂടുതല്‍ പേര്‍ പ്രതിയായ സാഹചര്യത്തിലാണ് മൂന്നു വകുപ്പുകള്‍ കൂടി ചുമത്തിയത്. തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് അധികമായി ചേര്‍ത്തിട്ടുള്ളത്.
അതേസമയം, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ് . പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്ബോഴും പ്രതിയുടെ പിന്നാലെയാണു തങ്ങള്‍ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഹരികുമാറും സുഹൃത്ത് കെ.ബിനുവുമാണ് ഒളിവില്‍. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഒളിവില്‍ പോകാന്‍ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.