• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്: സനലിന് തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി കാറിനുമിന്നില്‍ തള്ളിയിട്ട് കൊടങ്ങാവിള സ്വദേശി സനല്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സനലുമായി ഡിവൈഎസ്പി ബി.ഹരികുമാര്‍‌ വാക്കേറ്റത്തിലേര്‍പ്പെട്ടെന്നും തുടര്‍ന്ന് ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളുകയുമായിരുന്നു. തുടര്‍ന്ന് സനലിനെ കാറിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സനലിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാര്‍ തിരുവനനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

അപകടം പറ്റിയ ശേഷം സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വ‍ഴി നെയ്യാറ്റിന്‍ക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത് പോലീസിന് നാണക്കേടായി.

ഡ്യൂട്ടി ക‍ഴിഞ്ഞ രണ്ട് സിവില്‍ പോലീസ് ഒാഫീസര്‍മാരെ സ്റ്റേഷനില്‍ തിരികെ കൊണ്ട് ചെന്നാക്കാനാണ് പോലീസ് ഇത്തരത്തില്‍ ചെയ്തത്. സംഭവം വിവാദമായതോടെ നെയ്യാറ്റിന്‍ക്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഷിബു ,സജീഷ് കുമാര്‍ എന്നിവരെ റൂറല്‍ എസ് പി അശോക് കുമാര്‍ സസ്പെന്‍ഡ് ചെയ്തു.

അതിനിടെ DySP ഹരികുമാരിന്‍റെ സര്‍വ്വീസ് റിവോള്‍വര്‍ എവിടെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തോക്കുമായിട്ടാണ് ഹരികുമാര്‍ രക്ഷപ്പെട്ടതെന്ന് അഭ്യൂഹം ഉണ്ട്.

തോക്ക് എവിടെയെന്ന് കണ്ടെത്താനായി ഹരികുമാറിന്‍റെ വീട് പരിശോധിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും വീട് അടഞ്ഞ് കിടക്കുകയായിരുന്നു.

കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ ശേഷം പൂട്ട് പൊളിച്ച്‌ ഉളളില്‍ കടക്കാം എന്ന ധാരണയില്‍ പോലീസ് പിന്‍വാങ്ങി.അതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരികുമാര്‍ രംഗത്തെത്തി.

തന്നോട് ശത്രുതയുളളവരുടെ സമ്മര്‍ദ്ദം മൂലം രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തലാണ് പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും താന്‍ നിരപരാധിയാണെന്നും ഹരികുമാര്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിലാണ് ഹരികുമാര്‍ ഇകാര്യം വ്യക്തമാക്കിയത്.

അപകടത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാറിനെ ഇനിയും കണ്ടെത്താനായില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ കോടതിയില്‍ ഹരികുമാര്‍ കീ‍ഴടങ്ങിയേക്കുമെന്ന സൂചനയുണ്ട്.

Top