അമേരിക്കയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഥമ കോര്‍ എപ്പിസ്‌കോപ്പയും സീനിയര്‍ വൈദികനുമായ ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (85) ന്യൂയോര്‍ക്കിലെ ഹണ്ടിംഗ്‌ടണ്‍ ഹോസ്‌പിറ്റലില്‍ ദിവംഗതനായി.
പൗരോഹിത്യ പാരമ്പര്യമുള്ള പുരാതന ശങ്കരത്തില്‍ കുടുംബത്തില്‍ കുഞ്ഞുമ്മന്‍ മത്തായിയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനായി 1936 മാര്‍ച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് ജനനം. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്ക് അമേരിക്കയില്‍ ആദ്യമായി ഇടവകകള്‍ രൂപീകരിക്കാന്‍ നിയമിതനായത് യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയാണ്.
പുത്തന്‍കാവില്‍ മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടുകൂടി 12ാം വയസ്സില്‍ വിശുദ്ധ മദ്‌ബഹായിലെ ശുശ്രൂഷ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1953 ഓഗസ്റ്റ് 29ന് 17ാം വയസ്സില്‍ ശെമ്മാശുപട്ടം (കോറൂയോ) നല്‍കി. 1957 ഡിസംബര്‍ എട്ടിന് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയില്‍നിന്ന് യവ്‌പ്പദിയക്‌നോ പട്ടവും, 1970 ഓഗസ്റ്റ് 16ന് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍നിന്ന് പൂര്‍ണ്ണ ശെമ്മാശ്ശുപട്ടവും സ്വീകരിച്ചു. അഭിവന്ദ്യ ഔഗേന്‍ മെത്രാപ്പോലീത്തായുടെകൂടെ താമസിച്ച് സുറിയാനി പഠനവും വേദശാസ്‌ത്ര പഠനവും ആരംഭിച്ചു.
1970 ഓഗസ്റ്റ് 21ന് തൂമ്പമണ്‍ ഭദ്രാസനത്തിന്റെ ദാനിയേല്‍ മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ വൈദികപട്ടം നല്‍കി.പ. ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും , പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെയും; പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും കൂടെ താമസിച്ച് വേദശാസ്‌ത്രത്തിലും ആരാധനാക്രമത്തിലും വിദഗ്‌ധ പരിശീലനം നേടി . 1980 ഏപ്രില്‍ 26ന് മാര്‍ത്തോമ്മാ മാത്യുസ് പ്രഥമന്‍ കാതോലിക്കാബാവാ 44ാം വയസ്സില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പയായി
ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ സുവിശേഷപ്രസംഗകരില്‍ ഒരാളും വേദശാസ്‌ത്രപണ്ഡിതനും ധ്യാനഗുരുവും മികച്ച സംഘാടകനുമായിരുന്നു വന്ദ്യ കോര്‍ എപ്പിസ്‌കോപ്പ. വേദശാസ്‌ത്രത്തില്‍ ഉപരിപഠനത്തിനായി ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എക്യുമെനിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച് 1970 സെപ്‌റ്റംബര്‍ 12ന് അമേരിക്കയില്‍ എത്തി. പഠനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് കിഴക്കിന്റെ കാതോലിക്കാ പ. ബസ്സേലിയോസ് ഔഗേന്‍ ബാവാ അമേരിക്കയില്‍ മലങ്കരസഭയുടെ ഇടവകകള്‍ സ്ഥാപിക്കുവാന്‍ 1971 ഓഗസ്റ്റ് 2ന് നിയമിച്ച് കല്‌പന നല്‍കി. തുടര്‍ന്ന് അതേ വര്‍ഷം ഡിസംബറില്‍ അമേരിക്കയിലെ മലങ്കരസഭയുടെ പ്രഥമ ഔേദ്യാഗിക ഇടവകയായ ന്യൂയോര്‍ക്ക് സെന്‍റ് തോമസ് ഇടവക രൂപീകരിക്കുകയും ബാഹ്യകേരള ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്തുകയും ആ ഇടവകയുടെ വികാരിയായി 1977 വരെ തുടരുകയും ചെയ്‌തു.
സെന്‍റ് തോമസ് ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍ മോണ്ട്, സെന്‍റ് തോമസ് ചര്‍ച്ച് ഡിട്രോയിറ്റ് , സെന്‍റ് തോമസ് ചര്‍ച്ച് വാഷിംഗ്‌ടണ്‍ ഡി. സി., സെന്‍റ് ജോര്‍ജ് ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്‍ഡ്, സെന്‍റ് തോമസ് ചര്‍ച്ച് ഫിലാഡല്‍ഫിയ, സെന്‍റ് തോമസ് ചര്‍ച്ച് ലോംഗ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് മുതലായ ഇടവകകളുടെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കു വഹിച്ചു. 1986 മുതല്‍ ലോംഗ് ഐലന്‍ഡ് സെന്‍റ് തോമസ് ഇടവകയുടെ വികാരിയായി തുടര്‍ന്നു.
ശങ്കരത്തില്‍ മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പാ യുടെ സഹോദരപുത്രനായ ഇദ്ദേഹം ശങ്കരത്തില്‍ കുടുംബത്തില്‍നിന്നുള്ള രണ്ടാമത്തെ കോര്‍ എപ്പിസ്‌കോപ്പായാണ്. പരേതരായ ജോര്‍ജ്ജ്, വര്‍ഗ്ഗീസ്, ഏബ്രഹാം എന്നീ മൂന്ന് സഹോദരന്മാരാണ് ഇദ്ദേഹത്തിനുള്ളത്.
കടമ്പനാട് താഴേതില്‍ മുണ്ടപ്പള്ളില്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ റ്റി. ജി. തോമസിന്റെ പുത്രി സുപ്രസിദ്ധ കവയിത്രി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ലാണ്‌സഹധര്‍മ്മിണി. രണ്ടു പുത്രന്മാര്‍ മാത്യു യോഹന്നാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍. തോമസ് യോഹന്നാന്‍ അറ്റോര്‍ണി.. ലൂണാ ജയാ യോഹന്നാന്‍ കൊച്ചുമകള്‍.
വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പായുടെ ഭൗതിക ശരീരം ലോംഗ് ഐലന്‍ഡ് സെന്‍റ് തോമസ് ചര്‍ച്ചിലെ പൊതുദര്‍ശനത്തിനു ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജന്മദേശമായ കുമ്പഴയിലെ സ്വഭവനത്തിലേക്ക് കൊണ്ടുപോകുന്നതും മാതൃ ഇടവകയായ കുമ്പഴ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ കത്തീഡ്രലില്‍ പ്രത്യേകം സജ്ജമാക്കിയ കബറിടത്തില്‍ അടക്കം ചെയ്യുന്നതുമാണ്.