സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ലൂയിസ് സുവാരസിന്റെ ഗര്‍ജനം. റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ സുവാരസ് ബാഴ്‌സലോണയെ സ്‌പാനിഷ് കിങ്‌സ് കപ്പിന്റെ ഫൈനലിലേക്ക് നയിച്ചു. രണ്ടാംപാദ സെമിയില്‍ സുവാരസിന്റെ രണ്ട് ഗോള്‍ ഉള്‍പ്പെടെ മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.
ആദ്യപാദം 1-1നാണ് അവസാനിച്ചത്. ഇരുപാദങ്ങളിലുമായി ബാഴ്‌സയ്‌ക്ക് 4-1ന്റെ ജയം. മെയ് 25നാണ് ഫൈനല്‍. റയല്‍ ബെറ്റിസ്�വലെന്‍സിയ മത്സരത്തിലെ വിജയികളാകും എതിരാളികള്‍.
ലയണല്‍ മെസിയെ നിശബ്ദമാക്കിയ കളത്തില്‍ സുവാരസ് കൊടുങ്കാറ്റായി. മെസിയെ കാസെമിറോയും ലൂക്കാ മോഡ്രിച്ചും ചേര്‍ന്നു തളച്ചപ്പോള്‍ സുവാരസ് സ്വതന്ത്രനായി വിഹരിച്ചു. രണ്ടു ഗോളിന് വഴിയൊരുക്കിയ ഉസ്‌മാന്‍ ഡെംബലെയും മിന്നി. ഒരു ഗോള്‍ റയല്‍ പ്രതിരോധക്കാരന്‍ റാഫേല്‍ വരാനെയുടെ ദാനമായിരുന്നു.
ആദ്യപകുതി റയലിനായിരുന്നു ആധിപത്യം. വിനീഷ്യസ് ജൂനിയര്‍ ബാഴ്‌സ പ്രതിരോധത്തെ വെള്ളംകുടിപ്പിച്ചു. അസാമാന്യ വേഗവും കൃത്യതയുമായിരുന്നു വിനീഷ്യസിന്റെ കൈമുതല്‍. രണ്ടുതവണ ബാഴ്‌സ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രേ ടെര്‍ സ്‌റ്റെയ്‌ഗന്റെ ഉജ്വല പ്രകടനം വിനീഷ്യസിനെ ഗോളടിക്കുന്നതില്‍നിന്ന് തടഞ്ഞു. ഫിനിഷിങ്ങിലെ പോരായ്‌മയും വിനീഷ്യസിന് വിനയായി. 14 ഷോട്ടുകളാണ് റയല്‍ പായിച്ചത്. ബാഴ്‌സയുടേത് നാലും. പക്ഷേ, ബുദ്ധിപരമായി കളിച്ചത് ബാഴ്‌സയാണ്.
ബാഴ്‌സ ക്ഷമയോടെ കാത്തിരുന്നു. രണ്ടാംപകുതിയില്‍ അവര്‍ കളിപിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ലീഡ് നേടി. മോശം കളിക്ക് ഏറെ പഴികേട്ട സുവാരസ് റയലിനെതിരെ ഉഗ്രഭാവത്തിലെത്തി. ആദ്യഗോളിന് പിന്നില്‍ ഡെംബെലെയായിരുന്നു. ഇടതുമൂലയിലേക്ക് വേഗത്തില്‍ കുതിച്ച ഡെംബെലെ ഗോള്‍മുഖത്ത് സുവാരസിനെ നോട്ടമിട്ടു. സുവരാസിന്റെ അടി കൃത്യമായിരുന്നു. റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന് തടയാനുള്ള അവസരമുണ്ടായില്ല.