കൊല്‍ക്കത്ത > അതിരുകളില്ലാത്ത ആവേശം നിറച്ച് സന്തോഷ് ട്രോഫി കിരീടത്തില്‍ കേരളം ആറാം തവണ മുത്തമിട്ടു. ഉദ്ദ്വേഗം നിറച്ച കലാശപ്പോരില്‍ ബംഗാളിനെ തട്ടകത്തില്‍ തച്ചുടച്ചാണ് 14 വര്‍ഷം നീണ്ട കാത്തിരിപ്പിന് കേരളം വിരാമമിട്ടത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് കേരളം വംഗദേശത്ത് ജയംകുറിച്ചു. പ്രതിരോധവും ആക്രമണവും കയറിയിറങ്ങിയ കളിയില്‍ നിശ്ചിത സമയത്ത് ഒരുഗോളിനും അധികസയത്ത് രണ്ടുഗോളിനും ഇരു ടീമുകളും സമനിലപാലിച്ചു. ബംഗാളുമായി ഫൈനലില്‍ ഏറ്റുമുട്ടി രണ്ടുതവണയും ഷൂട്ടൗട്ടില്‍ മടങ്ങിയ കേരളം ഇക്കുറി ആ കണക്കു തീര്‍ത്തു. നാല് ശ്രമങ്ങളും വലയിലെത്തിച്ച് ബംഗാളിനെ കെട്ടുകെട്ടിച്ചു. ബംഗാളിന്റെ ആദ്യ രണ്ടുശ്രമങ്ങള്‍ തടുത്ത് വി മിഥുന്‍ ഷൂട്ടൗട്ടില്‍ കേരളത്തിന്റെ വീരനായകനായി.
ആദ്യ പകുതിയില്‍ എം എസ് ജിതിനും അധിക സമയത്ത് വിബിന്‍ തോമസും കേരളത്തിന്റെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നായകന്‍ ജിതന്‍ മുര്‍മുവും അധിക സമയം അവസാനിക്കാന്‍ ഒരു നിമിഷം ബാക്കിനില്‍ക്കെ തീര്‍ഥങ്കര്‍ സര്‍ക്കാരും കേരളത്തിന്റെ വഴിമുടക്കി ഗോള്‍ നേടി.
ഷൂട്ടൗട്ടില്‍ ആദ്യശ്രമം ബംഗാളിന്റെ അങ്കിത് മുഖര്‍ജി പാഴാക്കി. ഒരവസരവും നഷ്ടമാക്കാതെ കേരളം നാല് പെനല്‍റ്റിയും വലയില്‍നിറച്ചു. നാലാം പെനല്‍റ്റിക്കായി ഉപനായകന്‍ സീസന്‍ വരയിലെത്തി. മൂന്ന് പെനാല്‍റ്റിയും വഴങ്ങിയ ഗോളി രജ്ഞിത് മജുംദാറിനെ ബംഗാള്‍ മാറ്റി. ബംഗാളിന്റെ നായകന്‍ ജിതന്‍ മുര്‍മു ഗോള്‍വല കാക്കാനിറങ്ങിയെങ്കിലും കേരളത്തിന്റെ ഉപനായകനെ തടുക്കാനായില്ല. സീസണിന്റെ പെനല്‍റ്റി വലകടന്ന് ചരിത്രത്തിലേക്ക് പറന്നിറങ്ങി. നായകന്‍ രാഹുല്‍ വി രാജ്, ജി ജിതിന്‍, ജസ്റ്റിന്‍ ജോര്‍ജ് എന്നിവരും ഷൂട്ടൗട്ട് ലക്ഷ്യത്തിലെത്തിച്ചു. ബംഗാളിന്റെ തീര്‍ഥങ്കര്‍ സര്‍ക്കാരും സഞ്ജയന്‍ സമാദ്ദറും ഗോള്‍ നേടി.
1989ല്‍ ഗുവാഹത്തിയിലും 1994ല്‍ കട്ടക്കിലും ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബംഗാളിനോടേറ്റ തോല്‍വികള്‍ക്ക് ഒത്ത മറുപടികൂടിയായി അവരുടെ തട്ടകത്തിലെ ഈ ജയം. 2004ല്‍ ഡല്‍ഹിയില്‍ പഞ്ചാബിനോടായിരുന്നു കേരളത്തിന്റെ അവസാന കിരീടനേട്ടം. 2013ല്‍ എറണാകുളത്തു നടന്ന പതിപ്പില്‍ ഫൈനലിലെത്തിയെങ്കിലും അന്ന് സര്‍വീസസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. ആ തോല്‍വികള്‍ക്കെല്ലാം സതീവന്‍ ബാലന്റെ നേതൃത്വത്തിലുള്ള യുവസംഘം ഈ വിജയംകൊണ്ട് മറുപടി നല്‍കി.