• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാറാ അനില്‍ മിസ് ഫോമ; ദിയ ചെറിയാന്‍ റണ്ണര്‍അപ്പ്

ചിക്കാഗോ:  മിസ് ഫോമ 2018 ആയി തെരഞ്ഞെടുക്കപ്പെട്ട സാറാ അനില്‍ ഇല്ലിനോയിയില്‍ രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നു വര്‍ഷമേ ആയുള്ളൂ കുടുംബം അമേരിക്കയിലെത്തിയിട്ട്. പിതാവ് തൃശൂര്‍ സ്വദേശി അനില്‍ മോസ. മാതാവ് ഷീബ. ഇളയ സഹോദരി മിക്ക പത്താംക്ലാസ് വിദ്യാര്‍ഥിനി. നേരത്തെ വനിതാ രത്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


റണ്ണര്‍ അപ്പായ ദിയ ചെറിയാന്‍ യാര്‍ഡ് ലി, പെന്‍സില്‍വേനിയ സ്വദേശിയാണ്. ദീപു ചെറിയാന്‍, ദീപം ചെറിയാന്‍ എന്നിവര്‍ മാതാപിതാക്കള്‍. തിരുവല്ല സ്വദേശികളാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ദിയ മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്നു. 

ഫോമ കലാമത്സരത്തില്‍ ദിയ അഞ്ച് ഒന്നാംസ്ഥാനം നേടി. ശാസ്ത്രീയ നൃത്തം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, പ്രസംഗം, വെസ്റ്റേണ്‍ മ്യൂസിക്, ശാസ്ത്രീയ സംഗീതം എന്നിവയില്‍. അതിനാല്‍ ഫോമ കലാതിലകമാകുമെന്നുറപ്പ്. അപ്പോള്‍ സംവിധായകന്‍ സിദ്ധിഖിന്റെ വാഗ്ദാന പ്രകാരം സിനിമയിലേക്ക് ചാന്‍സ് ലഭിച്ചേക്കാം. 

ചാന്‍സ് ലഭിച്ചാല്‍ പോകുമോ എന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്ന് അമ്മ ദീപം ചെറിയാന്‍ പറഞ്ഞു.

അമേരിക്കയില്‍ ദേശീയ തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഏറ്റവും മുന്നില്‍ വന്ന 10 പേരില്‍ ഒരാളാണ്. സ്റ്റേറ്റ് ചാമ്പ്യനും. ചെറുപ്പം മുതലേ കര്‍ണ്ണാടിക് സംഗീതവും പഠിക്കുന്നു. ഭരത നാട്യവും. നിധി ദാസാണ് ഗുരു. ഓഗസ്റ്റില്‍ അരങ്ങേറ്റം.

സെക്കന്‍ഡ് റണ്ണര്‍അപ്പ് ശ്രുതി ഏബ്രഹാം ഫിലാഡല്‍ഫിയ സ്വദേശിയാണ്. ഹൈസ്‌കൂള്‍ സീനിയറായ ശ്രുതി ഡന്റിസ്ട്രി പഠിക്കാനാഗ്രഹിക്കുന്നു. ഡാന്‍സ് സ്റ്റുഡിയോ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. മിനി ഏബ്രഹാം, സജി ഏബ്രഹാം എന്നിവര്‍ മാതാപിതാക്കള്‍. കീഴ്വായ്പൂരില്‍ നിന്നും പിറവത്തുനിന്നും വന്നവര്‍. വിവിന്‍ ഏബ്രഹാം മൂത്ത സഹോദരന്‍. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.

2016-ലെ ചാമ്പ്യനായ ഉഷസ് ജോയി (ഫ്ളോറിഡ) മിസ് ഫോമ 2018-നെ കിരീടമണിയിച്ചു. സിമി ദിയോള്‍, ഏഞ്ചലാ സുരേഷ് ഗൊരാഫി, പര്‍മിത കാട്കര്‍ എന്നിവരായിരുന്നു ജഡ്ജിമാര്‍. വന്ദന മാളിയേക്കല്‍ ആയിരുന്നു ഷോ അവതരിപ്പിച്ചത്.

 

 

Top