• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശരവണഭവന്‍ ഉടമയ്‌ക്ക്‌ ജീവപര്യന്തം, തടവ്‌ സുപ്രീംകോടതി ശരിവച്ചു

ഇന്ത്യയിലെ പ്രമുഖ റസ്റ്ററന്റ്‌ ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ്‌ സുപ്രീംകോടതി ശരിവച്ചു. 2001ല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണ്‌ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചത്‌. എത്രയും വേഗം കീഴടങ്ങണമെന്നും രാജഗോപാലിനോട്‌ കോടതി ആവശ്യപ്പെട്ടു.

യുഎസ്‌, യുകെ, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന്‌ റസ്റ്ററന്റുകളുണ്ട്‌. ഇന്ത്യയില്‍ മാത്രം 25 റസ്റ്ററന്റുകളാണുള്ളത്‌.

കേസില്‍ 2009ല്‍ രാജഗോപാല്‍ ജാമ്യം നേടിയിരുന്നു. നേരത്തെ മദ്രാസ്‌ ഹൈക്കോടതിയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ്‌ വിധിക്കെതിരെ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്ന്‌ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കൊടൈക്കനാലിലെ വനത്തില്‍ ഇയാളുടെ മൃതദേഹം മറവുചെയ്യുകയായിരുന്നു.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ്‌ മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. തുടര്‍ന്ന്‌ വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന്‌ 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

Top