• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് എടുത്ത നൂറോളംപേര്‍ സാമ്ബത്തിക കുരുക്കില്‍

കോഴിക്കോട്: എസ്.ബി.ഐ.യ്ക്ക് നേരിട്ടുബന്ധമില്ലാത്ത എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് എടുത്ത നൂറോളം പേര്‍ സാമ്ബത്തിക കുരുക്കില്‍. കോഴിക്കോട് മേഖലയില്‍ നൂറോളം പേര്‍ക്കാണ് ചെന്നൈ ആസ്ഥാനമായുള്ള എസ്.ബി.ഐ. കാര്‍ഡ്‌സ് എന്ന സ്ഥാപനം തിരിച്ചടവ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ജര്‍മന്‍ കമ്ബനിയായ ജി.ഇ. മണി ആണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിച്ച്‌ എസ്.ബി.ഐ. കാര്‍ഡുകള്‍ വിതരണം ചെയ്തത്.

പരാതിയുള്ളവര്‍ ബന്ധപ്പെടണം 
ക്രെഡിറ്റ് കാര്‍ഡ് എത്രകാലം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായാലേ പ്രതികരിക്കാനാവൂ. പരാതിയുള്ളവര്‍ എസ്.ബി.ഐ. തിരുവനന്തപുരം മെയിന്‍ ശാഖയുടെ ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ വിഭാഗത്തെ സമീപിക്കണം. കാര്‍ഡുമായി നേരിട്ട് ഹാജരാകണം. ക്രെഡിറ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വണ്‍ ടൈം പാസ്വേഡ് കഴിവതും ആര്‍ക്കും കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. 

-എസ്.ബി.ഐ. മെയിന്‍ ബ്രാഞ്ച് അധികൃതര്‍, 
ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം,
തിരുവനന്തപുരം

നടപടി അന്യായമാണെന്നുകാണിച്ച്‌ ഇടപാടുകാര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അദാലത്ത് തീരുമാനമാകാതെ പിരിഞ്ഞു. കാര്‍ഡ് നല്‍കിയ സ്ഥാപനത്തെ പ്രതിനിധാനംചെയ്ത് അഭിഭാഷകന്‍ അദാലത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കാര്‍ഡും എസ്.ബി.ഐ.യും തമ്മിലുള്ള ബന്ധംപോലും വിശദീകരിക്കാന്‍ ഇദ്ദേഹത്തിനായില്ല.

ഇതേത്തുടര്‍ന്ന് ജില്ലാതല ബാങ്കിങ് സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇടപാടുകാര്‍. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ എം.കെ. രാഘവന്‍ എം.പി.യെയും സമീപിച്ചിട്ടുണ്ട്. ബാങ്കിങ് ഓംബുഡ്‌സ്മാന്‍, ജില്ലാ കണ്‍സ്യൂമര്‍ഫോറം എന്നിവരെയും വിവരം അറിയിച്ചിട്ടുണ്ട്. ആര്‍.ബി.ഐ.യെയും അറിയിക്കും. അടുത്തമാസം ബാങ്കിങ് അവലോകനസമിതി വിഷയം പരിശോധിക്കും.

ഒരിക്കല്‍പോലും കാര്‍ഡ് ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്കും റദ്ദുചെയ്തവര്‍ക്കും പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സാമ്ബത്തികവീഴ്ച വരുത്തിയവരാണെന്ന പേരില്‍ ബാങ്കുകളില്‍നിന്ന് മറ്റുവായ്പകള്‍ എടുക്കാനാവാത്ത സ്ഥിതിയിലാണ് ഇടപാടുകാരിപ്പോള്‍. നോട്ടീസ് ലഭിച്ചവരില്‍ മരിച്ചവരുമുണ്ട്.

കാര്‍ഡ് എടുത്ത് 2014-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം 5928 രൂപ അടച്ച കോഴിക്കോട്ടെ ബിസിനസുകാരന്‍ സി.ടി. മുര്‍ഷിദ് അലിക്ക് ഇപ്പോള്‍ 38,842 രൂപ അടയ്ക്കാനുള്ള നോട്ടീസാണ് ലഭിച്ചത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയായതാണോയെന്ന സംശയത്തിലാണ് ഇടപാടുകാര്‍. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സര്‍ചാര്‍ജും ചെക് കളക്ഷന്‍ ചാര്‍ജും ഈടാക്കിയിരുന്നു.

കമ്ബനിയുടെ ചെന്നൈ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുമ്ബോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ച്‌ 2014-ല്‍ ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്.

കാര്‍ഡ് എസ്.ബി.ഐ.യുടേത് തന്നെയാണോ എന്ന സംശയവുമുണ്ട്. എസ്.ബി.ഐ. ശാഖകളില്‍ കാര്‍ഡ് സ്വീകരിക്കുന്നുമില്ല. എന്നാല്‍, ഇതില്‍ എസ്.ബി.ഐ.യുടെ എംബ്ലം ഉപയോഗിച്ചിട്ടുമുണ്ട്.

Top