ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത ഗതാഗതത്തിനായി തുറന്നുനല്‍കുന്നതു വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവച്ച അതിവേഗ പാത ഉടന്‍ ഗതാഗതത്തിനായി തുറന്നുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജൂണ്‍ ഒന്നിന് മുന്‍പായി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണു കോടതിയുടെ നിര്‍ദേശം.
ഗതാഗതത്തിരക്കു മൂലം വിഷമിക്കുന്ന ഡല്‍ഹി നഗരത്തില്‍ തിരക്കു കുറയ്ക്കുന്നതിനായാണ് ആറു വരിയില്കിഴക്കന് അതിവേഗ പാത നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യത്തിനായി വൈകിപ്പിക്കുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇതിനു കാരണമായി ദേശീയപാതാ അതോറിറ്റി ചൂണ്ടിക്കാട്ടിയത്. ഏപ്രിലില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും അന്നും പ്രധാനമന്ത്രിക്കു തിരക്കായിരുന്നെന്നും അതോറിറ്റി അറിയിച്ചു.
ഇത് പരിഗണിച്ച ജസ്റ്റീസ് മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച്, എത്രയും പെട്ടെന്നു പുതിയ പാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നു നിര്‍ദ്ദേശിച്ചു. ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ മേഘാലയ ഹൈക്കോടതി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
ആറുവരിയും 135 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള സിഗ്നല്‍ രഹിത അതിവേഗ പാതയാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ. 5,763 കോടി രൂപ ചിലവിലാണ് പാതയുടെ നിര്‍മാണം. പുതിയ പാത ഗതാഗതയോഗ്യമാകുന്നതോടെ രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ ഡല്‍ഹി നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞുനില്ക്കുമെന്നാണു പ്രതീക്ഷ.