ലണ്ടൻ∙ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു.
കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും ചക്രക്കസേരയില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്നു.
ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞ വിവരം അറിയിക്കുന്നതായി ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പാരമ്പര്യവും വർഷങ്ങളോളം നിലനിൽക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓർമയിലുണ്ടാകുമെന്നും മക്കൾ വ്യക്തമാക്കി.
1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്.
‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു.The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.