വിരമിക്കുന്ന ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് യാത്രയയപ്പ് നല്‍കി. സ്വന്തം കാര്യത്തെക്കാള്‍ നാടിനും ജനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ കാലത്തെ അനുഭവം സൃഷ്ടിച്ചെടുക്കാന്‍ കുറച്ചു പേര്‍ക്കേ സാധിക്കൂ. സ്‌നേഹപൂര്‍വമായ പെരുമാറ്റം, ഉയര്‍ന്ന നിലവാരത്തിലുള്ള അര്‍പ്പണബോധം, സൂക്ഷ്മ അവലോകന ശക്തി, ഭാവനാപൂര്‍ണമായ ആസൂത്രണ ശേഷി, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള നിര്‍വഹണ ശേഷി എന്നിവ പോള്‍ ആന്റണിയുടെ പ്രത്യേകതയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന് 2020 മേയ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലാണ്. ഇരുവരും സംസ്ഥാനത്തേക്ക് തിരിച്ചുവരാത്തതിനാലാണ് ടോം ജോസിനെ പരിഗണിച്ചത്