ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന പന്ത്രണ്ടാമത് എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ സീറോ മലബാര്‍ ടീം -2 ജേതാക്കളായി. ഷിക്കാഗോ ക്‌നാനായ ദേവാലയ ടീം റണ്ണേഴ്‌സ് ആപ്പായി.
ഷിക്കാഗോയിലെ എട്ടു ദേവാലയങ്ങളിലെ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്. രാവിലെ 8 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യൂത്ത് കണ്‍വീനേഴ്‌സ് ആയ ജോജോ ജോര്‍ജ്, കാല്‍വിന്‍ കവലയ്ക്കല്‍, മെല്‍ജോ വര്‍ഗീസ് എന്നിവര്‍ രജിസ്‌ട്രേഷനു നേതൃത്വം നല്‍കി. രാവിലെ മുതല്‍ വളരെ വാശിയേറിയ മത്സരമാണ് വിവിധ ടീമുകള്‍ തമ്മില്‍ നടന്നത്. ടീമുകളെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ദേവാലയങ്ങളില്‍ നിന്നും ധാരാളം കാണികളും തിങ്ങിനിറഞ്ഞിരുന്നു.
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ 2007-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചപ്പോള്‍ മുതല്‍ ചിക്കാഗോയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച ടൂര്‍ണമെന്റ് ഇന്നും വളരെ ഭംഗിയായി അച്ചടക്കത്തോടും യുവജനങ്ങള്‍ തമ്മിലുള്ള സ്‌നേഹ സഹകരണത്തിലും നടന്നുവരുന്നു എന്നുള്ളതില്‍ അഭിമാനമുണ്ടെന്നു പ്രസിഡന്‍റ് റവ ജോണ്‍ മത്തായി പ്രസ്താവിച്ചു. ഫാ. ബാബു മഠത്തിപ്പറമ്പിലായിരുന്നു ടൂര്‍ണമെന്‍റ് ചെയർമാൻ.
ടീന തോമസ് (സെക്രട്ടറി), ആന്‍റോ കവലയ്ക്കല്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് പുത്തന്‍പുരയില്‍, പ്രവീണ്‍ തോമസ്, പ്രേംജിത്ത് വില്യംസ്, അച്ചന്‍കുഞ്ഞ് മാത്യു, മാത്യു മാപ്ലേട്ട് എന്നിവര്‍ ടൂർണമെന്‍റിന് നേതൃത്വം നൽകി.
ജേതാക്കളായ സീറോ മലബാര്‍ കത്തീഡ്രല്‍ ബി. ടീമിനു റവ.ഫാ. കോശി പൂവത്തൂര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് ആപ്പായ ക്‌നാനായ ടീമിന് എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി ലഭിക്കും. ഡിസംബര്‍ എട്ടിനു നടക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ സര്‍വീസില്‍ വച്ച് ജേതാക്കൾക്ക് ട്രോഫികള്‍ വിതരണം ചെയ്യും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം