മലയാറ്റൂര്‍ കുരിശുപള്ളിയിലെ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാർ കുത്തികൊന്നത് വ്യക്തി വൈരാഗ്യത്തിന്‍റെ പുറത്തെന്ന് റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍പ് സ്വഭാവ ദൂഷ്യം ആരോപിച്ച് കപ്യാര്‍ ജോണി വട്ടപ്പറമ്പിനെ വൈദീകന്‍ പള്ളിയില്‍ നിന്ന് പുറത്താക്കിയതാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വൈദീകനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ വൈദികനെ ഉടന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിനു ഫാ. സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെനിന്നു മടങ്ങിവരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിനു സമീപത്തുവച്ചാണു കപ്യാര്‍ ജോണി വട്ടപറമ്പന്‍ ഫാ. സേവ്യറിനെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ അച്ചനെ കുത്തുകയായിരുന്നു.
കാലിന് കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചത്. ഇടതുകാലിലും തുടയിലും പ്രധാന രക്തക്കുഴല്‍ തകര്‍ന്നിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇതാവാം മരണകാരണം. ആറാം സ്ഥലത്തുനിന്നും അടിവാരം വരെ എത്തുന്നത് വളരെയേറെ സമയം വേണ്ടിവരും. ഇവിടെ നിന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് കാലതാമസം നേരിടും
പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.