കൊച്ചി > നവാഗതരെ സ്വാഗതം ചെയ്യാന്‍ മഹാരാജാസില്‍ ഒരുങ്ങി നിന്ന സെന്റിനറിഹാള്‍ പിന്നെയും അഭിമന്യൂവിന്റെ ഓര്‍മ്മയില്‍ വിതുമ്ബി. രണ്ടുദിവസം മുമ്ബ് ചേതനയറ്റ ശരീരമായ് അഭിമന്യൂ, മഹാരാജാസിലേക്കെത്തിയപ്പോഴുണ്ടായ വേദനയുടെ തീവ്രതയ്ക്ക് അല്‍പ്പം പോലും മാറ്റമുണ്ടായിരുന്നില്ല. 'ഇവിടെ പഠിക്കുന്ന 2600 ഓളം വിദ്യാര്‍ഥികളില്‍ എനിക്ക് നേരിട്ട് പരിചയമുള്ള കുട്ടിയായിരുന്നു അഭിമന്യു. ഇപ്പോള്‍ ഞാനാലോചിക്കുകയാണ്... എന്തിനു വേണ്ടിയായിരുന്നു ഞാനവനെ പരിചയപ്പെട്ടത്... അഭിമന്യു, ഇതിനു വേണ്ടിയായിരുന്നോ നീയെന്നേ...' പറഞ്ഞത് മുഴുവിപ്പിക്കാനാവാതെ പ്രിന്‍സിപ്പല്‍ കെ എന്‍ കൃഷ്‌ണകുമാര്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി.
അനുശോചന യോഗത്തില്‍ പങ്കെടുക്കാന്‍ സെന്റിനറി ഹാളില്‍ വിദ്യാര്‍ഥികള്‍ തിങ്ങി നിറഞ്ഞു. എന്നിട്ടും നിശബ്‌ദത അവര്‍ക്കിടയില്‍ തളംകെട്ടികിടന്നു. അധ്യാപകരും കൂട്ടുകാരും അഭിമന്യൂവിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ വേദന നെടുവീര്‍പ്പിലേക്കും കണ്ണുനീരിലേക്കും വഴിമാറി. ചിലര്‍ പൊട്ടികരഞ്ഞു. ചിലര്‍ വിതുമ്ബി.
'അവനെന്റെ കുട്ടിയായിരുന്നു... ഇനി മിസ്സേ.. മിസ്സേ... എന്ന് വിളിച്ച് പരാതി പറയാന്‍ അവന്‍ വരില്ലല്ലോ...' ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. എം എസ് സനൂജയ്‌ക്കും അഭിമന്യൂവിനെക്കുറിച്ച് പറയാനാഗ്രഹിച്ചത് പൂര്‍ത്തിയാക്കാനായില്ല. സത്യസന്ധനും നിഷ്‌കളങ്കനുമായ അഭിമന്യൂവിനെ എല്ലാവരും അറിയണം... എന്നുവിതുമ്ബിയാണ് എന്‍എസ്‌എസ് കോര്‍ഡിനേറ്റര്‍ ജൂലി ചന്ദ്ര സംസാരിച്ചുതുടങ്ങിയത്. വിതുമ്ബിയും തൊണ്ട ഇടറിയും അവര്‍ സംസാരിച്ചു. 'അവന്‍ എന്റെ വലംകൈ ആയിരുന്നു. അനുസരണയും സത്യസന്ധതയും അവന്റെ കൈമുതലായിരുന്നു, നിങ്ങളും അവനെപ്പോലെയാകണം' എന്നുപറഞ്ഞ് കണ്ണീരടക്കാനാവാതെ അവര്‍ സ്റ്റാഫ് റൂമിലേക്ക് പോയി.
അധ്യാപകരുടെ വാക്കുകള്‍ക്ക് ശേഷം പ്രിന്‍സിപ്പല്‍ വീണ്ടും സദസ്സിനെ അഭിമുഖീകരിച്ചു. അഭിമന്യുവിന്റെ മാതാപിതാക്കളുടെ കരച്ചിലാണ് ഇപ്പോഴും മനസില്‍ വിങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മളില്‍ പലരും രക്ഷിതാക്കളാണല്ലോ എങ്ങനെ സഹിക്കാനാകുമെന്ന് അദ്ദേഹം ആരോടെന്നില്ലാതെ ചോദിച്ചു. ചരിത്രം ഉറങ്ങുന്ന മഹാരാജാസിന് മറ്റൊരു ചരിത്രമായി അഭിമന്യുവിന്റെ അന്ത്യം മാറിയെന്നും അഭിപ്രായപ്പെട്ടു.
ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് അവന്‍ ആദ്യമായി എത്തിയത്. വിനയത്തോടെയുള്ള സംസാരം. പ്രതിഷേധത്തിന്റെ സ്വരമില്ല. പരിഹാരം ആവശ്യപ്പെടല്‍ മാത്രമാണ് ഞാനവനില്‍ കണ്ടത്. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഒരിക്കലും ഞാനവനെ കണ്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വൈസ് പ്രിന്‍സിപ്പല്‍ റീത്താ മാനുവല്‍, കോളജ് അലുമ്‌നി പ്രസിഡന്റ് സിഐസിസി ജയചന്ദ്രന്‍, കെമിസ്ട്രി വിഭാഗം മേധാവി കെ പി അശോകന്‍, വിദ്യാര്‍ഥി പ്രതിനിധി വിദ്യ, ഗവേണിങ് കൗണ്‍സില്‍ അംഗം ഡോ. ഷാജിത ബീവി എന്നിവര്‍ അഭിമന്യൂവിനെ അനുസ്മരിച്ചു.