• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഷഹല ഷെറിന്റെ മരണം: പ്രധാനാധ്യാപകര്‍ക്ക്‌ സസ്‌പെന്‍ഷന്‍

വയനാട്‌ സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ്‌ മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. സ്‌കൂളിന്റെ ശോചനീയാവസ്ഥയും അകികൃതരുടെ വീഴച്ചയും വ്യക്തമായതിനാല്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ക്കും പ്രില്‍സിപ്പാലിനും സസ്‌പെന്‍ഷന്‍ നല്‍കി. സ്‌കൂള്‍ പി ടി എ പിരിച്ചു വിടാനുമുള്ള നിര്‍ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കലക്ടര്‍ക്ക്‌ കൈമാറി.

ജില്ലാ ജഡ്‌ജിയടക്കം സ്‌കൂളിലെത്തിയതിനു ശേഷം ചേര്‍ന്ന യോഗത്തിന്‌ ശേഷമാണ്‌ പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്‌. സ്‌കൂളിലെ ശോചനീയാവസ്ഥ നേരിട്ട്‌ മനസ്സിലാക്കിയ ശേഷമാണ്‌ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ കെ മോഹന്‍ കുമാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ കരുണാകരന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സ്‌കൂള്‍ പി ടി എ പിരിച്ചു വിടാനും നിര്‍ദേശിച്ചു.

ആരോപണ വിധേയനായ അധ്യാപകനെയും താലൂക്ക്‌ ആശുപത്രി ഡ്യൂട്ടി ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇന്ന്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും ഡി ഡി ഇ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ്‌ പ്രധാനധ്യാപകര്‍ക്കെതിരെയും നടപടിയെടുത്തത്‌. വയനാട്‌ കലക്ട്രേറ്റില്‍ എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരാണ്‌ സമരവുമായി ആദ്യം എത്തിയത്‌. മുദ്രാവാക്യങ്ങളുമായി കലക്ട്രേറ്റിലെ ഒന്നാം നിലയിലേക്ക്‌ പ്രതിഷേധിച്ചെത്തിയ വനിതകളെയടക്കം പോലീസിന്‌ തടയാനായില്ല.

സ്‌കൂള്‍ അധികൃതര്‍ക്ക്‌ നേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ്‌ ഇന്നലെ മുതല്‍ ഉണ്ടായത്‌. ഇന്നലെ സ്ഥലത്തെത്തിയ ഡി ഡി ഇ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ അധ്യാപകനായ ഷിജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌ത കാര്യം അറിയിച്ചത്‌. സംഭവ സമയത്ത്‌ സ്‌കൂളിലുണ്ടായിരുന്ന മറ്റ്‌ അധ്യാപകര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. സംഭവം നടന്ന ക്ലാസ്‌ മുറിയും തൊട്ടടുത്ത മുറിയും താത്‌കാലികമായി പൂട്ടി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച സ്‌കൂളിലെ പരാധീനതകളില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Top