• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഷാജു സാം ഫൊക്കാനയുടെ മികച്ച നിധി സൂക്ഷിപ്പുകാരന്‍

ഏതു സംഘടന ആയാലും സുതാര്യമായ കണക്കുകള്‍ സൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഉത്തരവാദിത്തമാണ്. എന്നാല്‍ അമേരിക്കയിലെ ഒട്ടുമിക്ക മലയാളി സംഘടനയിലും, സുതാര്യതക്കുവേണ്ടി മാത്രം നിലകൊള്ളും എന്ന ലേപനത്തില്‍ ചില സ്ഥാനാര്‍ഥികള്‍ വിജയിച്ചു കഴിയുമ്പോള്‍, പിന്നെ കണക്കുകള്‍ എങ്ങനെയൊക്കെയോ എഴുതുക എന്നത് ഒരു പതിവാണെന്ന് ചില പിന്നാമ്പുറ കഥകള്‍ കേള്‍ക്കാറുണ്ട്. അതുകൊണ്ടു ഫൊക്കാന പോലുള്ള ഒരു വലിയ സംവിധാനത്തിന് സൂക്ഷ്മമായി കണക്കുകള്‍ സൂക്ഷിക്കുന്ന വിശ്വസ്തരായ നിധി സൂക്ഷിപ്പുകാരനെയാണ് അത്യാവശ്യം. ശ്രീ ഷാജു സാം, ഉത്തരവാദിത്തമായുള്ള കണക്കു പുസ്തകങ്ങളുടെ വിശാലമായ ലോകത്തു മുപ്പതിലേറെ വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മുപ്പത്തൊന്നു വര്‍ഷങ്ങളായി വാള്‍സ്ട്രീറ്റിലെ ഒരു പ്രമുഖ കമ്പനിയുടെ നിയമം,നികുതി, ഔദ്യോഗികമായ കണക്കു പരിശോധന തുടങ്ങിയ ചുമതലകള്‍ ഏറ്റെടുത്തു അസിസ്റ്റന്റ് കണ്‍ട്രോളര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ്. അദ്ദേഹത്തിന്റെ വിശ്വസ്ത സേവനത്തെ മാനിച്ചു കമ്പനി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അമേരിക്കയിലെ തന്നെ ഒന്നാം നിരയിലുള്ള ഒരു ചാരിറ്റി ഫൌണ്ടേഷന്‍, ബോര്‍ഡ് മെമ്പറായി അദ്ദേഹത്തെ നിയമിച്ചത് തന്നെ, വര്ഷങ്ങളായി തെളിയിച്ച വ്യക്തിത്വവും അച്ചടക്കവും പക്വമായ പ്രവര്‍ത്തന ശൈലിയും കൊണ്ടാണ്. 

എപ്പോഴും കൃത്യമായ അക്കങ്ങളാണ് തന്റെ ജീവിതചര്യകളെ സമ്പന്നമാക്കുന്നത് എന്ന് ഷാജു സാം ഉറച്ചു വിശ്വസിക്കുന്നു. ഇതുകൊണ്ടു തന്നെ ഫൊക്കാനയുടെ കണക്കുകള്‍ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേരുന്നത് എന്നതില്‍ തര്‍ക്കമില്ല.

സംഘടനാതലത്തിലും ശ്രദ്ധേയമായ കാല്‍വെയ്പുകള്‍ വെയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി, പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും, അടുത്തകാലത്ത് വീണ്ടും ആ സംഘടനയെ നയിക്കാന്‍ ഒരിക്കല്‍ കൂടി തിരഞ്ഞെടുത്തതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

പ്രവര്‍ത്തനത്തിലെ മികവും, എല്ലാവരെയും ഒന്നായി കാണാനുള്ള വിശാലതയും , ഒരുമയോടെ പ്രവര്‍ത്തിക്കാനുള്ള സഹവര്‍ത്തിത്വവും, വിനീതമായ ഇടപെടലുകളും, ത്യാഗ മനോഭാവങ്ങളുമായിരിക്കാം ഷാജുവിനെ മറ്റു പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സ്വയം ഉയരാന്‍ ശ്രമിക്കുകയല്ല, ഭിന്നതകള്‍ ഇല്ലാതെ എല്ലാവരെയും ഉയര്‍ത്തി സംഘടനയെ സുരക്ഷിതമായ ഒരു തലത്തില്‍ എത്തിക്കുക എന്നതില്‍ ഷാജു എപ്പോഴും ശ്രദ്ധാലുവാണ്. എന്നാല്‍ ആരെയും വെറുപ്പിക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്തതാണ് തന്റെ സ്വഭാവത്തിലെ ഏറ്റവും തിളക്കമുള്ള ഇടം എന്ന് അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവര്‍ എല്ലാം സമ്മതിക്കും. 

അന്തര്‍ദേശീയ സംഘടനായ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, നോര്‍ത്ത് അമേരിക്കയിലെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിപ്പിക്കാന്‍ കൈപിടിച്ച് കൊടുത്തത് ശ്രീ . ഷാജു സാമിനെ ആയിരുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ക്ലബ്ബിന്റെ ദേശീയ സമിതിയില്‍ അംഗീകാരം നേടിയുടുക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇപ്പോള്‍ സംഘടനയുടെ യു . എന്‍. കമ്മറ്റി അംഗമായി സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിക്കുന്നു. സമുദായ തലങ്ങളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു മികവുറ്റ സംഘാടകന്‍ എന്ന് പേരു നേടാന്‍ കഴിഞ്ഞു. അമേരിക്കയില്‍ കുടിയേറുന്നതിനു മുന്‍പ് തന്നെ കേരളത്തിലെ രാഷ്രീയ സാമുദായിക സംഘടനകളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു, പൊതു പ്രവര്‍ത്തനം തന്റെ ജീവിത വിളി തന്നെയാണ് എന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. 

സംഘടനകളുടെ വെണ്‍കുറ്റകുടയായ ഫൊക്കാനക്കു പുതിയ ദിശാബോധം നല്കാന്‍ ശ്രീ. ഷാജു സാമിന് കഴിയും. സുതാര്യമായ ചുമതല ഏല്പിക്കപ്പെടാവുന്ന വ്യക്തി, വിശ്വസിക്കാവുന്ന നിധി സൂക്ഷിപ്പുകാരന്‍, സുഹൃത്തും വഴികാട്ടിയും, ഇപ്രാവശ്യത്തെ ഫൊക്കാന ട്രെഷറര്‍ ശ്രീ. ഷാജു സാം ആകട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു. 

വിശ്വസിക്കാം ഈ നിധിസൂക്ഷിപ്പുകാനെ,

എല്ലാ അളവിലും , ആത്മാര്‍ഥതയോടും കൂടെ.


-കോരസണ്‍

Top