മലയാള സിനിമയില്‍ നടന്‍ ഷെയ്‌ന്‍ നിഗമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എ.കെ.ബാലന്‍. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഒരാളെയും ജോലിയില്‍ നിന്നു വിലക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മേശയ്‌ക്ക് ചുറ്റും ഇരുന്നു തീര്‍ക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്‌ക്കു എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
നിര്‍മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കണം. ഇതിന് അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകള്‍ മുന്‍കയ്യെടുക്കണം. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും. ഷൂട്ടിങ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗമുണ്ടെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. തര്‍ക്കം വന്നപ്പോഴാണു നിര്‍മാതാക്കള്‍ ഇതു പറഞ്ഞത് എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൂടി സര്‍ക്കാരിനു സമര്‍പ്പിക്കണം. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
അടൂര്‍ ഗോപാലകൃഷ്‌ണന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ചലചിത്ര നിര്‍മാണ, പ്രദര്‍ശന രംഗത്തു സമഗ്രമായ നിയമം കൊണ്ടുവരും. നിലവിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്ന വിധത്തില്‍ ഇതു നടപ്പിലാക്കും. നിയമം വരുന്നതോടെ സിനിമയുടെ റജിസ്‌ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം തുടങ്ങിയവ സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലാകും. പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കാന്‍ റഗുലേറ്ററി കമ്മിറ്റി രൂപവല്‍ക്കരിക്കും. ഗുരുതരമായ വീഴ്‌ചകളും ലംഘനങ്ങളും ക്രിമിനല്‍ കുറ്റമായി കണ്ടു ശിക്ഷ നല്‍കുന്നതിനും നിര്‍ദിഷ്ട ആക്ടില്‍ വ്യവസ്ഥയുണ്ടായിരിക്കും. ബാലന്‍ പറഞ്ഞു.