കനത്ത വില്‍പന സമ്മര്‍ദത്തില്‍ ഇന്ത്യന്‍ വിപണിയുടെ ക്ലോസിംഗ്. തുടക്കം മുതല്‍തന്നെ സെന്‍സെക്‌സ്, നിഫ്‌റ്റി സൂചികകളില്‍ വില്‍പന സമ്മര്‍ദം പ്രകടമായിരുന്നു ഇന്ന്. സെന്‍സെക്‌സ് 769.88 പോയിന്റ് ഇടിവില്‍ 36562.91നാണ് ചൊവ്വാഴ്‌ച ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയാകട്ടെ 225.35 (2.04 ശതമാനം) പോയിന്റ് ഇടിവില്‍ 10797.90ന് ക്ലോസ് ചെയ്‌തു.
ഇന്ത്യയുടെ സാമ്പത്തിക ഡാറ്റയിലുണ്ടായ ഇടിവും ആഗോള തലത്തില്‍ വിപണി നേരിടുന്ന ഇടിവുമാണ് ഇന്ത്യന്‍ വിപണികളെ തകര്‍ച്ചയിലേയ്‌ക്ക് നയിച്ചത്. കഴിഞ്ഞയാഴ്‌ചയുടെ അവസാനം പുറത്തു വന്ന ജിഡിപി ഡാറ്റ കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. വിപണി പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു. അതോടൊപ്പം ചൊവ്വാഴ്‌ച പുറത്തു വന്ന മറ്റ് ഡാറ്റകളെല്ലാം ഇടിവ് പ്രവണതയ്‌ക്ക് കാരണമായി.
ജൂലൈയിലെ കോര്‍ സെക്ടര്‍ ഡാറ്റയില്‍ രണ്ടു ശതമാനത്തിനു മുകളിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. പിഎംഐ ഡാറ്റയും വിപണി പ്രതീക്ഷിച്ചതിലും താഴെയാണ്. കഴിഞ്ഞ 15 മാസത്തെ ഏറ്റവും മോശമായ പിഎംഐ ഡാറ്റയാണ് പുറത്തു വന്നിട്ടുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഈ വര്‍ഷത്തെ ഏറ്റവും താഴ്‌ന നിലയില്‍ എത്തി. ഇതെല്ലാം ചൊവ്വാഴ്‌ച വിപണി സെന്റിമെന്റിനെ സ്വാധീനിച്ചു. ഇതിനു പുറമേ തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്‌ക്ക് എത്തുന്നുണ്ട്.
ആഗോളതലത്തില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകളും ഇന്ത്യന്‍ വിപണിയെ പിന്നോട്ടടിക്കുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞയാഴ്‌ച അവസാനം യുഎസ് ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തു വന്നത്. യുഎസും ചൈനയും പരസ്‌പരം നികുതി വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അലയൊലികള്‍ ആഗോള വിപണികളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്.