ദില്ലി: ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്. ബെംഗളുരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ചതിനാണ് കേസ്. ദില്ലി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്‌എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല എന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന് ബാബര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
ബംഗളൂരു സാഹിത്യോത്സവം
കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരുവെളിപ്പെടുത്താത്ത ആര്‍എസ്‌എസ് നേതാവ് തന്നെ പറഞ്ഞെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
മതവികാരം വ്രണപ്പെടുത്തി
ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു പ്രസ്താവനയെന്നും, മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഇത് പറഞ്ഞതെന്നുമായിരുന്നു ബബ്ബാറിന്റെ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ നവംബര്‍ 16ന് വാദം കേള്‍ക്കും.
പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍
അതേസമയം തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് അപകീര്‍ത്തിക്കേസെന്ന് തരൂര്‍ പ്രതികരിച്ചു. പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് രചിച്ച പുസ്തകത്തെ കുറിച്ചായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ശശി തരൂരിന്റെ പ്രസ്താവനയെ അപലപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു.
ബിജെപിയുടെ പ്രതിഷേധം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ പ്രസ്താവനക്ക് മറുപടി പറയണമെന്നാണ് ബിജെപി ഉന്നയിച്ചിരുന്നു. ശിവഭക്തനായ രാഹുല്‍ ഗാന്ധിയാണ് മറുപടി നല്‍കേണ്ടതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ശിവനെ അപമാനിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ പ്രതിച്ഛായ ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളില്‍ ആര്‍എസ്‌എസ് അതൃപ്തരായിരുന്നുവെന്ന തരൂരിന്റെ പ്രസ്താവനയും ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു.