അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന് ഷോണ്‍ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായിരുന്നു. കൊമേഴ്സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷോണ്‍. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം
നാലു ദിവസം മുന്‍പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവര്‍ സഹോദരിമാരാണ്. കഴിഞ്ഞ 25 വര്‍ഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയില്‍ സ്ഥിര താമസമാണ്.
മൂന്നു വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോര്‍ക്കില്‍ നടക്കും. കുടുംബത്തില്‍ മറ്റാര്‍ക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.