യുഎസില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 30 വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വെസ്‌ലിക്ക് പരോള്‍ ലഭിക്കുക. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വെസ്‌ലിയുടെ അഭിഭാഷകന്‍ അറിയിച്ചു.
കൈഅബദ്ധത്തില്‍ കുഞ്ഞിന് പരുക്കേറ്റതായി വെസ്‌ലി കോടതിയില്‍ സമ്മതിച്ചിരുന്നു. കുറഞ്ഞ ശിക്ഷ ലഭിക്കാനാണ് വിസ്‌താരം തുടങ്ങുന്നതിന് മുമ്പായി കുറ്റം സമ്മതിച്ചത്. ദത്തെടുത്ത കുട്ടിയെ കൊല ചെയ്‌ത് ശരീരം ഡാലസിലെ കലുങ്കില്‍ ഉപേക്ഷിച്ചതാണ് കേസ്. മാത്യൂസും ഭാര്യ സിനിയും 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. തെളിവില്ലാത്തതിനാല്‍ സിനിയെ വെറുതെ വിട്ടിരുന്നു.
ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം തങ്ങള്‍ക്കു ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വളരെയധികം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇതേസമയം ദത്തുപുത്രി ഷെറിന്‍ മാത്യൂസ് മരിച്ച കേസില്‍ സ്വന്തം പ്രവര്‍ത്തികളില്‍ വിലപിച്ചും മകളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചും വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് വേറിട്ടൊരു മുഖം കാണിച്ചിരിക്കുകയാണ്. വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിനെ ഒരിക്കല്‍ കൂടി സംരക്ഷിക്കാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങളെ വ്യത്യസ്‌തമായി കൈകാര്യം ചെയ്യുമെന്നാണ് വെസ്‌ലി കോടതിയില്‍ പറഞ്ഞത്. പാലു കുടിക്കുമ്പോള്‍ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതോടെയുണ്ടായ ഭയം കൊണ്ടാണ് പിന്നീടുണ്ടായതെല്ലാം സംഭവിച്ചതെന്നും അടിയന്തര സഹായം തേടുന്നതില്‍ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്‌ലി വിചാരണമധ്യേ കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഡാലസ് കോടതി വെസ്‌ലിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 30 വര്‍ഷത്തിനുശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂവെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.