• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനിയെ യുഎസ്‌ കോടതി വെറുതെവിട്ടു

പി.പി. ചെറിയാന്‍

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വളര്‍ത്തമ്മ സിനി മാത്യുവിനെ കുറ്റവിമുക്തയാക്കി. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ഷെറിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന്‌ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനി മാത്യുവിനെ ജയില്‍ വിമോചിതയാക്കാന്‍ ഡിസ്‌ട്രിക്‌റ്റ്‌ ജഡ്‌ജി ആംബര്‍ ഗിവണ്‍സ്‌ ഡേവിഡ്‌ ആണ്‌ ഉത്തരവിട്ടത്‌.

സിനിക്കെതിരേ ഫയല്‍ ചെയ്‌തിരുന്ന കുറ്റം ഉപേക്ഷിച്ചുവെന്ന്‌ ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി ഓഫിസ്‌ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന്‌ സിനിയെ ജയില്‍ മോചിതയാക്കാന്‍ ഡിസ്‌ട്രിക്‌റ്റ്‌ ജഡ്‌ജി ഉത്തരവിടുകയായിരുന്നു. ഇതോടെ പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷം സിനി മോചിതയായി.

ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനത്തിന്‌ ഉള്ള അവസരമായി കാണുന്നുവെന്നും, സംഭവത്തില്‍ ഖേദമില്ലെന്നും സിനി മറുപടി നല്‍കി. സ്വന്തം മക്കള്‍ക്കൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും സിനി പറഞ്ഞു. കുറ്റവിമുക്തയാക്കിയ ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി ഓഫിസിനോടും മോചനത്തിനായി പ്രവര്‍ത്തിച്ചവരോടും സിനി നന്ദി പറഞ്ഞു.

ഭര്‍ത്താവ്‌ വെസ്‌്‌ലി മാത്യൂസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ അവര്‍ മറുപടി നല്‍കിയില്ല. വെസ്‌്‌ലിയും സിനിയും തങ്ങളുടെ പേരന്റ്യല്‍ റൈറ്റ്‌സ്‌ ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടു കിട്ടുന്നതിനു വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. കൊലപാതകക്കുറ്റത്തിന്‌ വെസ്‌്‌ലിയുടെ വിചാരണ മെയില്‍ ആരംഭിക്കും. സിനിക്കെതിരായ കേസ്‌ ഡിസ്‌മിസ്‌ ചെയ്‌തതില്‍ റിച്ചാര്‍ഡ്‌സണ്‍ പൊലീസ്‌ നിരാശ പ്രകടിപ്പിച്ചു.

2017 ഒക്ടോബറില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നാണ്‌ ഷെറിനെ കാണാതാവുന്നത്‌. പിന്നീട്‌, വീടിന്‌ ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ മലയാളികളായ വെസ്‌ലി മാത്യൂവും സിനി മാത്യൂസും പൊലീസ്‌ കസ്റ്റഡിയിലായത്‌. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത്‌ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകള്‍ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്‌.

തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ സിനിക്കെതിരെ കേസെടുത്തത്‌. ഒരു മില്യണ്‍ ഡോളര്‍ ജാമ്യം നല്‍കാനാകാതെ പതിനഞ്ചു മാസം ജയിലില്‍ കഴിയേണ്ടിവന്നതിന്‌ പിന്നാലെ പിന്നീട്‌ തെളിവുകള്‍ ലഭ്യമല്ലെന്ന്‌ പറഞ്ഞു അവരെ വിട്ടയച്ച നീതി ന്യായ വ്യവസ്ഥ അമേരിക്കന്‍ മലയാളികള്‍ക്ക്‌ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. 

Top