• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാത: കണ്ണൂരില്‍ ആകാശ സര്‍വേ തുടങ്ങി

കേരളത്തിന്റെ യാത്രാദുരിതത്തിനു പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം കാസര്‍കോട്‌ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്‍റ്‌ നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി ആകാശ സര്‍വേ കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂര്‍ മുതല്‍ കാസര്‍കോട്‌ വരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വേ ചൊവ്വാഴ്‌ച പൂര്‍ത്തിയാക്കി. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന്‌ എയര്‍ക്രാഫ്‌റ്റ്‌ ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ്‌ ഉപയോഗിക്കുന്നത്‌.

ലൈറ്റ്‌ ഡിറ്റക്ഷന്‍ ആന്‍ഡ്‌ റേന്‍ജിങ്‌ എന്നതിന്റെ ചുരുക്കപ്പേരായ ലൈഡാറില്‍ ലേസര്‍ രശ്‌മികളുടെ പ്രതിഫലനം ഉപയോഗിച്ചാണ്‌ സര്‍വേ നടത്തുന്നത്‌. ഹെലികോപ്‌റ്ററിലുള്ള ലൈഡാര്‍ ഉപകരണത്തില്‍ ലേസര്‍ യൂണിറ്റ്‌, സ്‌കാനര്‍, ജിപിഎസ്‌ റിസീവര്‍ എന്നിവയുണ്ടായിരിക്കും. ലേസര്‍ യൂണിറ്റില്‍നിന്നു പുറപ്പെടുന്ന രശ്‌മികള്‍ ഭൂമിയുടെ ഉപരിതലം സ്‌കാന്‍ ചെയ്‌ത്‌ തിരിച്ചെത്തുന്നത്‌ സെന്‍സറില്‍ സ്വീകരിച്ചാണ്‌ റൂട്ട്‌ മാപ്പ്‌ ചെയ്യുന്നത്‌.

സര്‍വേയ്‌ക്ക്‌ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിക്കു കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു. ഏഴു ദിവസത്തെ സര്‍വേയ്‌ക്ക്‌ പാര്‍ട്ടെനേവിയ പി�68 എന്ന എയര്‍ക്രാഫ്‌റ്റാണ്‌ ഉപയോഗിക്കുന്നത്‌. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണു പ്രതിരോധ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്‌. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്‌റ്റര്‍ പറത്തേണ്ടതെന്ന കര്‍ശന നിബന്ധനയുണ്ട്‌.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്‍റ്‌ കോര്‍പറേഷനു (കെറെയില്‍) വേണ്ടി ഹൈദരാബാദ്‌ ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ സര്‍വേ നടത്തുന്നത്‌. നിര്‍ദിഷ്ട മുംബൈഅഹമ്മദാബാദ്‌ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോയാണ്‌ നടത്തിയത്‌. വളരെ വേഗം അലൈന്‍മെന്‍റ്‌ പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയും എന്നതാണ്‌ ഈ സര്‍വേയുടെ മെച്ചമെന്ന്‌ കെആര്‍ഡിസില്‍ എംഡി വി.അജിത്‌ കുമാര്‍ അറിയിച്ചു.

വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയും വേഗം തയാറാക്കുന്നതിന്‌ ഇത്‌ കെറെയിലിനെ സഹായിക്കും. ലോകത്തെങ്ങും ലൈഡാര്‍ സര്‍വെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സര്‍വേ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ്‌ സില്‍വര്‍ ലൈന്‍ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ്‌ കെറെയില്‍.

തിരുവനന്തപുരം മുതല്‍ തിരൂര്‍വരെയുള്ള 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്‌ക്കു സമാന്തരമായിട്ടുമായിരിക്കും സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്‍റ്‌. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ്‌ ലൈന്‍ സ്ഥാപിക്കുന്നത്‌. ആകെ 10 സ്‌റ്റേഷനുകളാണുള്ളത്‌. ചെറു പട്ടണങ്ങളെ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വീസുമുണ്ട്‌. 200 കിലോമീറ്റര്‍ വേഗത്തിലാണ്‌ വണ്ടിയോടുക.

Top