ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. 990 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചു. ഇതില്‍ കഠിനാധ്വാന കൊണ്ടാണ് ഓരോരുത്തരും ഈ സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷങ്ങള്‍ മുടക്കി കോച്ചിംഗിന് പോയും മറ്റൊരു കാര്യങ്ങളും ആലോചിക്കാതെ പഠനം തുടരാന്‍ സൗകര്യം ഉള്ളവരുമാണ് വിജയിച്ചു കയറിയവരില്‍ ഭൂരിഭാഗവും. എന്നാല്‍, ഇവിരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വിജയകഥയും തമിഴ്‌നാട്ടില്‍ നിന്നും പുറത്തുവന്നു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ തലചായ്ച്ചും പഠിച്ചും ഐഎഎസ് പദവി ഉറപ്പിച്ചത് തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ ശിവഗുരു പ്രഭാകരനാണ്.
ദാരിദ്ര്യത്തോട് പടവെട്ട് പ്രഭാകരന്‍ നേടിയ വിജയത്തിന് ഒന്നാം റാങ്കിനേക്കാള്‍ തിളക്കമുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 101-ാം റാങ്ക് നേടിയാണ് പ്രഭാകരന്‍ സിവില്‍ സര്‍വീസ് ഉറപ്പിച്ചത്. ഐഎഎസ് എന്നാല്‍, ഉന്നതര്‍ക്കും പണക്കാര്‍ക്കും മാത്രം പറഞ്ഞിട്ടുള്ളതാണെന്ന പതിവു ചട്ടങ്ങളെ തള്ളിക്കളയുകയാണ് ഈ യുവാവ്. ജീവിതത്തില്‍ ഒരിക്കല്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം പോരാട്ടത്തിലൂടെ തിരികെ പിടിച്ച കഥയാണ് പ്രഭാകരന് പറയാനുള്ളത്.
പന്ത്രണ്ടാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നുരുന്നു. മദ്യപാനിയായ പിതാവ് കുടുംബത്തെ നോക്കാത്ത സാഹചര്യം വന്നപ്പോള്‍ തൊണ്ട് തല്ലി ഉപജീവനം നടത്തുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു പ്രഭാകരന് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ കൂലിപ്പണിക്കിറങ്ങിയ പ്രഭാകരന്‍ പല ജോലികള്‍ ചെയ്തു. തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെടുത്തു. ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയില്‍ മുടങ്ങിയ പഠനം തുടങ്ങാന്‍ ആരംഭിച്ചത്.
പഠനത്തില്‍ അതീവ തല്‍പ്പരനായ പ്രഭാകരന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ എം ടെകും പാസായി. ഇതിനിടെ മൊബൈല്‍ ഷോപ്പിലെ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു യുവാവ്. ഐ ഐ ടി എന്‍ട്രന്‍സ് കോച്ചിങ്ങിനിടെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലായിരുന്നു.
ഐ ഐ ടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മൂന്നു തവണ സിവില്‍ സര്‍വീസ് കടമ്ബ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു. തന്നില്‍ സിവില്‍ സര്‍വീസ് മോഹം ജനിപ്പിച്ചത് തമിഴ്‌നാട് സര്‍ക്കാറിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു എന്നാണ് പ്രഭാകരന്‍ പറയുന്നത്. ജെ രാധാകൃഷ്ണനാണ് തന്റെ ഇന്‍സ്പിറേഷനെന്നും പ്രഭാകരന്‍ പറയുന്നു.
ഇംഗ്ലീഷില്‍ അത്രയ്ക്ക് മിടുക്കനായിരുന്നില്ല പ്രഭാകരന്‍. എന്നാല്‍, സ്വന്തം കഴിവു കൊണ്ട് അദ്ദേഹം ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചു. പ്രഭാകരന്റെ സിവില്‍ സര്‍വീസ് നേട്ടം തമിഴ്‌നാട്ടില്‍ വലിയ ആഘോഷമായിട്ടുണ്ട്. എല്ലാം അവസാനിച്ചു എന്നു കരുതിയിടത്തു നിന്നുമാണ് പ്രഭാകരന്‍ ജീവിത വിജയം നേടിയിരിക്കുന്നത്.