സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു എം. ശിവശങ്കറെ നീക്കിയ ശേഷം ഒന്‍പതാം ദിവസം സസ്‌പെന്‍ഷന്‍ നടപടി. ചീഫ് സെക്രട്ടറി തല അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസമാണത്രേ ഇത്.
ശിവശങ്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിട്ടതു വന്‍ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്. ശിവശങ്കറിലേക്കു നീളുന്ന കസ്റ്റംസ്, എന്‍ഐഎ അന്വേഷണം എവിടെവരെ എത്തുമെന്ന വലിയ ചോദ്യമാണ് ഇനി സിപിഎമ്മിനും സര്‍ക്കാരിനും മുന്നില്‍.
നടപടി ഇത്രയും നീണ്ടുപോകരുതായിരുന്നുവെന്നു കരുതിയവര്‍ സിപിഎമ്മിലും സിപിഐയിലുമുണ്ട്. സസ്‌പന്‍ഷന്‍, വകുപ്പ് തല അന്വേഷണം, സ്വപ്‌ന സുരേഷിനായി പൊലീസ് അന്വേഷണം എന്നീ കാര്യങ്ങള്‍ തുടക്കത്തിലേ പ്രഖ്യാപിച്ചുവെങ്കില്‍ സര്‍ക്കാര്‍ ഇത്രയും പ്രതിരോധത്തിലാകുമായിരുന്നില്ലെന്നു വിചാരിക്കുന്നവരും ഇടതു നേതൃത്വത്തിലുണ്ട്.
എന്നാല്‍ നിരപരാധിത്വം മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചാണു ശിവശങ്കര്‍ ഓഫിസില്‍നിന്നു പോയത്. സൗഹൃദബന്ധത്തിനപ്പുറം തെറ്റു ചെയ്‌തിട്ടില്ലെന്ന വിശദീകരണം തിരക്കിട്ട നടപടിയില്‍നിന്നു മുഖ്യമന്ത്രിയെ വിലക്കി. ആരോപണങ്ങള്‍ തുടരെ ഉയര്‍ന്നതോടെ ശിവശങ്കറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പ്രതീതി തിരുത്തണമെന്നു സിപിഎം ആവശ്യപ്പെട്ടു. സ്‌പ്രിന്‍ക്ലര്‍ വിവാദം വന്നപ്പോള്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തോട് അക്കാര്യം ആവര്‍ത്തിച്ചു. കണ്ണൂരിലായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ കാനവുമായി വീണ്ടും ഫോണില്‍ സംസാരിച്ചു. ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്‌തതോടെ വകുപ്പുതല റിപ്പോര്‍ട്ടിന്മേല്‍ എത്രയും വേഗം നടപടിയുണ്ടാകുമെന്നു പാര്‍ട്ടിക്കു പിണറായി ഉറപ്പു നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചത്.