എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്നു തന്നെയാണ് നിലപാട്.ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകനെതിരെയുള്ള കേസുകളില്‍ പാര്‍ട്ടി വിശദീകരണം നടത്തേണ്ട ആവശ്യമില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തന്നെ ഇതിനകം നിലപാട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്താകെ എതിര്‍പക്ഷത്തുള്ള പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.