രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇന്‍സോംനിയ. രാത്രിയില്‍ ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഒരു വ്യക്തിയുടെ പകല്‍ നേരത്തെ ജോലിയെ അത് പ്രതികൂലമായി ബാധിക്കും. ദീര്‍ഘകാലം ഉറക്കമില്ലായ്‌മ തുടര്‍ന്നാല്‍ ക്രോണിക് ഇന്‍സോംനിയ അടക്കമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം.
പകല്‍ ക്ഷീണം അനുഭവപ്പെടുക, എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷം അനുഭവപ്പെടാതിരിക്കുക, രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് ഇടയ്‌ക്ക് എഴുന്നേല്‍ക്കുക തുടങ്ങിയവയാണ് ഇന്‍സോംനിയയുടെ ലക്ഷണങ്ങള്‍.
മാനസിക പിരിമുറുക്കവും ആശങ്കയുമാണ് ഉറക്കമില്ലായ്‌മയ്‌ക്ക് കാരണമാകുന്ന പൊതുഘടകങ്ങള്‍. കൂടാതെ വിവിധങ്ങളായ രോഗാവസ്ഥയും ഉറക്കമില്ലായ്‌മ സൃഷ്ടിക്കാറുണ്ട്. ഇത് കൂടാതെ കഫീന്‍, മദ്യം, പുകയില ഇവ അധികം ശരീരത്തില്‍ ചെന്നാലും ചില മരുന്നുകളുടെ പാര്‍ശ്വഫലമായും പ്രശ്‌നം കണ്ടുവരാറുണ്ട്. മൂത്രാശയത്തിലെ രോഗങ്ങള്‍, മൂത്രപിണ്ഡസഞ്ചിയിലെ രോഗാവസ്ഥ, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മനോരോഗങ്ങള്‍ തുടങ്ങിയവയും ഉറക്കത്തെ ബാധിക്കാറുണ്ട്.
രാത്രിയില്‍ ഉറക്കം പോരെന്ന ആശങ്കയില്‍ പകല്‍ ഉറങ്ങുന്നവര്‍ക്ക് പിന്നീട് രാത്രി ഉറക്കം കുറയുന്നതും പ്രശ്‌നമാകാറുണ്ട്. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുകയാണ് പ്രധാന പരിഹാര മാര്‍ഗം. തുടര്‍ന്ന് ജീവിതശൈലിയും ശീലങ്ങളും മാറ്റി ഉറക്കം വീണ്ടെടുക്കലുമാണ് പൊതുവേ നിര്‍ദേശിക്കപ്പെടുന്നത്. രോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കണം.
ഉത്‌കണ്‌ഠ അകറ്റുക, കിടപ്പുമുറിയെ അധികം ശബ്ദം, അമിത വെളിച്ചം ഇവയില്‍ നിന്ന് മുക്തമാക്കാന്‍ ശ്രമിക്കുക എന്നിവ പ്രധാനമാണ്. വ്യത്യസ്‌ത സമയങ്ങളില്‍ ഉറങ്ങാന്‍ പോകുന്നതും ദോഷം ചെയ്യും.
ഏറെ നേരം ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവ ഉപയോഗിക്കുന്നതും ഉറക്കത്തെ ബാധിക്കും. ശരീരം തണുപ്പിക്കുന്നത് ഉറങ്ങാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്യുന്നതും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതും ഉറങ്ങാന്‍ സഹായിക്കും.
ഉറക്കഗുളികകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.