• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌പീക്കര്‍ ദുരുദ്ദേശ്യത്തില്‍ ഫ്‌ലാറ്റിലേക്ക്‌ വിളിപ്പിച്ചുവെന്ന്‌ സ്വപ്‌ന

സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്‌ലാറ്റിലേക്കു വിളിച്ചെന്നു സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാംഘട്ട റിപ്പോര്‍ട്ടിലാണു ഗുരുതര ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സി.എം.രവീന്ദ്രനും പുത്തലത്ത്‌ ദിനേശനും എം.ശിവശങ്കറും ഒരു സംഘമായി പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ ഒഴിവാക്കി ഊരാളുങ്കലിനു നല്‍കിയതിലൂടെ ഇവര്‍ കൈക്കൂലി നേടിയെന്നും മൊഴിയിലുണ്ട്‌.

അട്ടക്കുളങ്ങര ജയിലില്‍ ഡിസംബര്‍ 16ന്‌ ഇഡി നടത്തിയ ചോദ്യം ചെയ്യലിനിടെയാണു സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരെ സ്വപ്‌ന ഗുരുതര ആരോപണം ഉന്നയിച്ചത്‌. പേട്ടയ്‌ക്കടുത്തുള്ള ഫ്‌ലാറ്റിലേക്ക്‌ സ്‌പീക്കര്‍ നിരവധി തവണ ദുരുദ്ദേശ്യത്തോടെ വിളിച്ചിരുന്നു. മറ്റൊരാളുടെ ഉടമസ്ഥതയിലാണ്‌ ഫ്‌ലാറ്റെങ്കിലും യഥാര്‍ഥ ഉടമ താനാണെന്നും തന്റെ ഒളിസങ്കേതമാണ്‌ ഇതെന്നും സ്‌പീക്കര്‍ പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്‌.

ഈ ഫ്‌ലാറ്റില്‍ വച്ചാണ്‌ കോണ്‍സുല്‍ ജനറലിന്‌ നല്‍കാന്‍ ശ്രീരാമകൃഷ്‌ണന്‍ പണമടങ്ങിയ ബാഗ്‌ കൈമാറിയത്‌. ഫ്‌ലാറ്റിലേക്ക്‌ തനിച്ചുപോകാന്‍ താന്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരിലാണ്‌ സ്‌പീക്കറും എം.ശിവശങ്കറുമടങ്ങുന്ന സംഘം ഷാര്‍ജയില്‍ ആരംഭിക്കാനിരുന്ന ഒമാന്‍ മിഡില്‍ ഈസ്റ്റ്‌ കോളജിന്റെ ചുമതലയില്‍നിന്ന്‌ തന്നെ ഒഴിവാക്കിയത്‌. യുഎഇ കോണ്‍സുലേറ്റില്‍നിന്നു രാജിവയ്‌ക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചതായി സ്വപ്‌ന വെളിപ്പെടുത്തിയെന്നും ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്‌.

 

Top