തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവിക്ക് വേണ്ടി താങ്ങായും തണലായും നില്‍ക്കേണ്ടവരാണ് അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏത് പ്രതിസന്ധികളിലും കൈവിടാതെ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ധ്യാപകരെ കൊണ്ട് കഴിക്കണം. എന്നാല്‍ ഇവിടെ പതിനാലുകാരിയായ ഷിഫയുടെ ജീവിതത്തില്‍ ഇതല്ല സംഭവിച്ചത്. അവളുടെ പഠനവും ജീവിതവും സ്വപ്നവും വഴിമുട്ടിക്കാന്‍ അദ്ധ്യാപകര്‍ കാരണക്കാരായാലോ?
വയനാട് അമ്ബലവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഒലി അമന്‍ ജോധ (ഫിഷ ഫാത്തിമ) യാണ് അദ്ധ്യാപകരെ പേടിച്ച് ഒരു വര്‍ഷമായി സ്കൂളില്‍ പോകാതെ കഴിയുന്നത്. സ്‌കൂളിലെ പന്ത്രണ്ടോളം അദ്ധ്യാപകരാണ് അവളുടെ ജീവിതം ദുരിതത്തിലാക്കുന്നത്.
ഒലി അമനും സഹപാഠികളും ചേര്‍ന്ന് സ്കൂളില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിരുന്നു. കുട്ടികളെയും അദ്ധ്യാപകരെയും തേന്‍കൃഷി പഠിപ്പിക്കാന്‍ പി.ടി.എയുടെയും പ്രിന്‍സിപ്പലിന്റെയും അനുമതിയോടെയാണ് ഇത് സ്ഥാപിച്ചത്. തേന്‍കൃഷി വിജയമായതോടെ 2017 നവംബറില്‍ ദൂരദര്‍ശനിലെ ഹരിതവിദ്യാലയം പരിപാടിയുടെ അംഗീകാരം എത്തി. ബഹുമതി സ്‌കൂളിലെ അദ്ധ്യാപികയുടെ ബന്ധുവായ വിദ്യാര്‍ത്ഥിനിക്ക് നല്‍കാന്‍ ശ്രമം നടന്നതോടെ ഒലി പി.ടി.എയ്‌ക്ക് പരാതി നല്‍കി. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. അവാര്‍ഡ് വാങ്ങി സ്‌കൂളിലെത്തിയ ഒലിയെ കാത്തിരുന്നത് പീഡനങ്ങളായിരുന്നു.
വീഡിയോ
ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോയ ഒലിയെയും അമ്മ അമിയ താജിനെയും ഭീഷണികളോടെയാണ് സ്‌കൂള്‍ എതിരേറ്റത്. മാനസിക രോഗിയായി ചിത്രീകരിച്ച് അദ്ധ്യാപകര്‍ തന്നെ ക്ലാസിലിട്ട് പൂട്ടിയെന്ന് ഒലി പറയുന്നു. എല്ലാം സഹിച്ചു. ഇക്കൊല്ലം ഒരു അവധി ദിവസം തേനീച്ചകളെ പരിചരിക്കാന്‍ സ്‌കൂളിലെത്തിയ ഒലി കാണുന്നത് തന്റെ ജീവനായ തേനീച്ചക്കൂടുകള്‍ നശിപ്പിച്ചിട്ടിരിക്കുന്നതാണ്. മുപ്പതോളം കൂടുകള്‍ എടുത്തുകൊണ്ടുപോയി. തേന്‍ അറകള്‍ തല്ലിത്തകര്‍ത്തു.
പി.ടി.എയുടെ നേതൃത്വത്തില്‍ ഒലിയുടെ അമ്മ അമ്ബലവയല്‍ പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി. അദ്ധ്യാപകരാണ് പ്രതികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നാല് അദ്ധ്യാപകരെ സ്ഥലം മാറ്റി. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി വന്ന അദ്ധ്യാപകര്‍ക്ക് പക കൂടി. അവര്‍ അസഭ്യം പറഞ്ഞും മറ്റും തന്നെ മാനസികമായി പീഡിപ്പിച്ചതായി ഒലി പറയുന്നു. ഒരു വര്‍ഷമായി സ്‌കൂളില്‍ പോകുന്നില്ല. എങ്കിലും രേഖകളില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഒലി. വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതാനാണ് തീരുമാനം. സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തേനീച്ചകൃഷിയിലെ മികവിന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ തേന്‍മിത്ര പുരസ്‌കാരം നല്‍കി ആദരിച്ച മിടുക്കിയാണ് ഒലി അമന്‍ ജോധ. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഒലിയും അമ്മയും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കടക്കം തേനീച്ച കൃഷിയെക്കുറിച്ച് ക്ലാസെടുത്തും തേനീച്ച വളര്‍ത്തിയുമൊക്കെയാണ് ജീവിക്കുന്നത്.