ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഗഹനമായ പഠനം നടത്തുകയോ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയോ ചെയ്യാതെ ലെന്‍സ് വാങ്ങാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയായിരുന്നു പ്രധാനം. ഒരു പക്ഷേ, സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂര്‍ത്തിന്റെയോ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവര്‍ക്കാര്‍ക്കും അങ്ങനെയൊരു വിമര്‍ശനമുണ്ടാവുമെന്ന് കരുതുന്നുമില്ല. എന്നാല്‍ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നര്‍മോക്തി കലര്‍ന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും തികച്ചും പോസിറ്റീവ് ആയി കാണുകയും, ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോദ്ധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
കണ്ണട വാങ്ങിയ വകയിൽ സർക്കാരിൽനിന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 49,990 രൂപ കൈപ്പറ്റിയതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വെളിപ്പെട്ടത്. ലെൻസിനായി 45,000 രൂപയും ഫ്രെയിമിനായി 4900 രൂപയും ചേർത്താണ് ഈ തുക കൈപ്പറ്റിയത്. 2016 ഒക്ടോബർ അഞ്ചു മുതൽ കഴിഞ്ഞ 19 വരെയുള്ള കാലയളവിൽ സ്പീക്കർ 4,25,594 രൂപ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റിയതായും ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.ബി. ബിനുവിന്റെ അപേക്ഷയിൽ നിയമസഭാ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി സി. അജിത നൽകിയ മറുപടിയിലുണ്ട്. ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദം വാർത്തകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് സ്പീക്കർ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി എത്തിയത്.