ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്ന കര്‍ണാടക രാഷ്ട്രീയ സാഹചര്യം പരാമര്‍ശിച്ച് കേരള ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു ഇടവേള ആഘോഷിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത കര്‍ണാടകയില്‍ വരും ദിവസങ്ങളില്‍ ഓരോ എംഎല്‍എമാരുടെയും നിലപാടുകള്‍ നിര്‍ണായകമാകുകയാണ്.
കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി.
അതേസമയം, സര്‍ക്കാരുണ്ടാക്കാനുള്ള അധികാരം ബിജെപിക്കാണെന്ന് യെഡിയൂരപ്പ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചു. കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തില്‍ കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെഡിയൂരപ്പ കുറ്റപ്പെടുത്തി. ഇതാണ് കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷം..
ഇന്ത്യയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ രൂപപ്പെടുമ്പോൾ അതിന്റെ ഗുണഫലം നേടുന്ന ഒരു മേഖലയായി ടൂറിസം രംഗം മാറിയിട്ട് നാളുകൾ കുറച്ചായി. എൻ ടി രാമറാവുന്റെ കാലത്ത് എം എൽ എ മാരെ രാജ്യത്തെ വിവിധ ഇടങ്ങളിൽ രഹസ്യമായി താമസിപ്പിച്ചതിൽ ആ ചരിത്രം തുടങ്ങുന്നു. ചെന്നൈയിൽ ജയലളിതയുടെ മരണത്തെ തുടർന്ന് സംഭവിച്ച രാഷ്ട്രീയ അനിശ്ചിത്വം നടന്ന കാലയളവിൽ റിസോർട്ടിൽ എം എൽ എ മാരെ താമസിപ്പിച്ച സംഭവം നടന്നത്. അതുപോലെ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം എൽ എ മാരെ അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതും സമീപകാല ചരിത്രമാണ്.