തിരുവനന്തപുരം: ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ നല്‍കിയത് പ്രാഥമികമായ അനുമതി മാത്രമാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം മറികടന്ന് അനുമതി നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പുറത്തു വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര്‍ വിശദീകരണം നല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ടും പ്ലാനും മറ്റ് അനുബന്ധരേഖകളും ചട്ടപ്രകാരം ഹാജരാക്കുന്നതിന് ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയിട്ടുള്ളത് അനുമതി പത്രം മാത്രമാണ്. ഇനി പന്ത്രണ്ടോളം വകുപ്പുകളുടെയടക്കം അനുമതി ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. .
ഈ വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്കിയ അനുമതിപത്രം ഏതു ഘട്ടത്തിലും റദ്ദാകുന്നതാണ്. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറി കടന്നാണ് സര്‍ക്കാര്‍ ഉത്തരവായത് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. .
അപേക്ഷകളില്‍ ചട്ടപ്രകാരമാണ് പ്രാഥമികമായി അനുമതി നല്‍കിയിട്ടുളളത്. നാളിതുവരെ ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കിയിട്ടില്ലാത്തതിനാല് ഇപ്പോള്‍ ചര്‍ച്ചകള്‍ അപ്രസക്തവും അനവസരത്തിലുളളതുമാണെന്ന് എക്സൈസ് കമ്മീഷണര്‍ വിശദീകരിച്ചു