അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ട് ഇ.ശ്രീധരന്റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് ദുരന്തം എന്‍ജിനീയറിങ് വിസ്‌മയമാവാന്‍ അധികനാളുകളില്ലെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയും ഞാനും ഫോണ്‍ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാല്‍ പാലം നിര്‍മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ഇ.ശ്രീധരന്‍ അറിയിച്ചിരുന്നു.
പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് തയാറാണെന്ന് അദ്ദേഹം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നു. തുടര്‍ന്ന് പാലം നിര്‍മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചു കൊണ്ടുള്ള ഔേദ്യാഗികമായ കത്ത് ലഭിച്ചു.
പാലം പുനര്‍നിര്‍മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്‌ത തുകയുടെ ബാക്കി നില്‍പ്പായ തുക ചെലവഴിച്ച് ഡിഎംആര്‍സി തന്നെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍ബിഡിസികെയ്‌ക്ക് നിര്‍ദേശം നല്‍കി.
ഇ.ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനര്‍നിര്‍മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒന്‍പത് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.