തിരുവനന്തപുരം > ബിജെപി സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരന്‍പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഗ്രൂപ്പ് പോര് മുറുകിയ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.
സംസ്ഥാന പ്രസിഡന്റ് പദത്തിനായി ചരടുവലിച്ച കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ മറികടന്നാണ് ശ്രീധരന്‍ പിള്ളക്ക് നറുക്കു വീണത്. വി മുരളീധരന്‍ കൃഷ്ണദാസ് പക്ഷങ്ങള്‍ പ്രസിഡന്റ് പദത്തിനായി നേര്‍ക്കുനേര്‍ പോരാട്ടത്തിലായിരുന്നു.
മുരളീധരന്റെ നോമിനിയായി സുരേന്ദ്രന്‍ രംഗത്തുവന്നപ്പോള്‍ കൃഷ്ണദാസ് അതിനെതിരെ കരുക്കള്‍ നീക്കി. ഒപ്പം എം ടി രമേശും എ എന്‍ രാധാകൃഷ്ണനും അവകാശവാദവുമായി എത്തി.ഇത് ദേശീയ നേതൃത്വത്തെ വല്ലാതെ കുഴക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി സംസ്ഥാന സമിതിയിലും മുരളീധരന്‍ കൃഷ്ണദാസ് പക്ഷങ്ങള്‍ കൊമ്ബുകോര്‍ത്തു. ഇതോടെയാണ് അമിത് ഷാ നേരിട്ട് പുതിയ നീക്കം നടത്തിയത്. എന്നാല്‍ ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കുന്നത് പലര്‍ക്കും ദഹിച്ചിട്ടില്ല. ഒരുതവണ പ്രസിഡന്റായ ആളെ പതിറ്റാണ്ടിനുശേഷം വീണ്ടും നിയമിക്കുന്നത് അനുചിതമാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.