• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍; രണ്ടു റൗണ്ടിലും എല്‍ഡിഎഫിന്‌ 42 വോട്ട്‌

കോര്‍പറേഷന്റ പുതിയ മേയറായി എല്‍ഡിഎഫിലെ കെ.ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചാക്ക വാര്‍ഡ്‌ കൗണ്‍സിലറും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവുമാണു ശ്രീകുമാര്‍. മേയറായിരുന്ന വി.കെ.പ്രശാന്ത്‌ വട്ടിയൂര്‍ക്കാവ്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണു മേയര്‍ പദവിയില്‍ ഒഴിവുണ്ടായത്‌.

കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഡി.അനില്‍കുമാറിനെയും (പേട്ട) ബിജെപി സ്ഥാനാര്‍ഥി എം.ആര്‍.ഗോപനെയും (നേമം) ആണു തോല്‍പ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്‌. ആദ്യ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ്‌ സ്ഥാനാര്‍ഥിയ ഒഴിവാക്കി. രണ്ടാം റൗണ്ടില്‍ ശ്രീകുമാറും ഗോപനും തമ്മിലായി മത്സരം. ആദ്യ റൗണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്‌തതില്‍ ശ്രീകുമാറിന്‌ 42 വോട്ടും ഗോപന്‌ 35 വോട്ടും അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു.

മൂന്ന്‌ വോട്ട്‌ അസാധുവായി. കോണ്‍ഗ്രസ്‌ അംഗം സി.ഓമന, ബിജെപി അംഗം ജ്യോതി സതീഷ്‌, സ്വതന്ത്ര അംഗം എന്‍.എസ്‌.ലതാകുമാരി എന്നിവരുടെ വോട്ടുകളാണ്‌ അസാധുവായത്‌. സ്വതന്ത്ര അംഗം ആര്‍ക്കും വോട്ട്‌ ചെയ്‌തില്ല. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന്‌ 42 വോട്ടും ഗോപന്‌ 34 വോട്ടും കിട്ടി. തുടര്‍ന്നു ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. 100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്‌ 43, ബിജെപി 35, യുഡിഎഫ്‌21, സ്വതന്ത്രന്‍ ഒന്ന്‌.

Top