മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിലെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിട്ടാണു നിയമനം. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നടപടി. ഏഴര മാസമായി സസ്‌പെന്‍ഷനിലാണ് ശ്രീറാം.
ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ ഇങ്ങനെ മേയ് മൂന്നിന് സസ്‌പെന്‍ഷന്‍ കാലാവധി തീരും. ഇനി നീട്ടുക എളുപ്പമല്ല. കാരണം ശ്രീറാമിനെതിരെ തെളിവില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ജനുവരിയില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്‌തതാണ്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ശ്രീറാം കേന്ദ്ര അഡ്‌മിനിസ്‌ടേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചാല്‍ സര്‍ക്കാരിനു തിരിച്ചടിയാകും. മദ്യപിച്ചു വാഹനം ഓടിച്ചതിനു തെളിവില്ലെന്നും അപകടം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിക്കു നല്‍കിയ വിശദീകരണം.
മാത്രമല്ല ഡോക്ടര്‍ കൂടിയായ ശ്രീറാം പബ്ലിക് ഹെല്‍ത്തില്‍ ഉപരിപഠനം നടത്തിയ ആളാണ്. കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധിയില്‍ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ശ്രീറാമിനെ തിരഞ്ഞെടുക്കാനുണ്ടായ ഈ സാഹചര്യം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയേയും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ശ്രീറാമിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജീവപര്യന്തമോ പത്തുവര്‍ഷമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. എന്നാല്‍ കേസുകള്‍ അതിന്റെ വഴിക്കു പോകട്ടെയെന്നാണു സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിനു സമീപം നടന്ന അപകടത്തിലാണു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.