• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മൂന്നാര്‍ കൈയേറ്റം; ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി; സബ് കളക്റ്റര്‍ ഓഫീസിലും റിപ്പോര്‍ട്ട് ഇല്ല

മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച്‌ ദേവികുളം സബ്കളക്റ്ററായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തി. കഴിഞ്ഞ വര്‍ഷം മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. സബ് കളക്റ്ററുടെ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് പൂര്‍ണമായി ഇല്ലാതായതോടെ വിവാദമായ മൂന്നാര്‍ കയ്യേറ്റങ്ങളില്‍ തുടര്‍നടപടി സാധ്യമല്ലാതായി.

വിവരാവകാശ പ്രകാരം ഫയലിന്റെ പകര്‍പ്പിനായി അപേക്ഷിച്ചപ്പോഴാണ് റിപ്പോര്‍ട്ട് ലഭ്യമല്ലെന്ന മറുപടി സബ് കളക്റ്റര്‍ ഓഫീസില്‍ നിന്ന് ലഭിച്ചത്. ഇതേ ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു റവന്യു വകുപ്പില്‍ നല്‍കിയ അപേക്ഷയില്‍ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും അന്തിമ തീരുമാനമെടുത്തു തിരികെ ലഭിച്ചാല്‍ മാത്രമേ പകര്‍പ്പു നല്‍കാന്‍ കഴിയു എന്നും മറുപടി ലഭിച്ചു. സര്‍ക്കാരിന്റെ ഏതു ഫയല്‍ ആയാലും അതു തയാറാക്കിയ ഓഫിസില്‍ അതിന്റെ പകര്‍പ്പെങ്കിലും സൂക്ഷിക്കണമെന്നാണു ചട്ടം. റിപ്പോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്തു ഫയല്‍ അപ്പാടെ ചോദിച്ചുവാങ്ങിയെങ്കില്‍ അക്കാര്യം അപേക്ഷകനെ അറിയിക്കണം. മറുപടിയില്ലാത്തതിനാലാണ് നശിപ്പിക്കപ്പെട്ടതായി സംശയിക്കുന്നത്.

വന്‍കിടക്കാരുടേത് ഉള്‍പ്പെടെ മൂന്നാര്‍ കയ്യേറ്റങ്ങളുടെ വിശദമായ പട്ടികയും അത് ഒഴിപ്പിക്കാനെടുത്ത നടപടികളുമാണു രണ്ടുഘട്ടമായി അന്നത്തെ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെതിരേ സിപിഎമ്മും റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐയും രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചകള്‍ക്ക് ഇത് കാരണമായിരുന്നു.

Top