സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ കാറിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് എതിരെ സുഹൃത്ത് വഫ ഫിറോസ് രംഗത്ത്. അപകട സമയത്ത് കാറോടിച്ചത് വഫ ഫിറോസായിരുന്നുവെന്ന ശ്രീറാമിന്റെ വാദം തള്ളിയ വഫ, ശ്രീറാം പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും വ്യക്തമാക്കി. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് വഫയുടെ പ്രതികരണം.
കാര്‍ ഓടിച്ചത് താന്‍ ആണെന്നാണ് ശ്രീറാം ആവര്‍ത്തിച്ച് പറയുന്നത്. എന്തിനാണ് അദ്ദേഹം ഇത് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. അപടകത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും ഉണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു വീഡിയോയില്‍ വഫ വ്യക്തമാക്കുന്നു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് ശ്രീറാം അപകട സമയം കാറോടിച്ചത് താനല്ലെന്ന് ആവര്‍ത്തിച്ചത്. വഫയാണ് കാര്‍ ഓടിച്ചതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഇയാള്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശദീകരണ കുറിപ്പ് തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്ന് ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.