മുംബൈ∙ ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചു. ദുബായിൽനിന്ന് വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് 9.30 കഴിഞ്ഞപ്പോഴാണു മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുഷി എന്നിവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, മകൻ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലൻസ് മാർഗമാണ് ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വസതിയിൽ മൃതദേഹം എത്തിച്ചത്.
ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെക്കും. അനുശോചനയോഗവും ഇവിടെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും. പവന്‍ഹാന്‍സിന് സമീപമുള്ള ഹിന്ദുശ്മശാനത്തില്‍ വൈകുന്നേരം 3.30-ന് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കു.
മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇവിടെ ക്യാമറകള്‍ അനുവദിക്കില്ലെന്ന് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.