ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം. കേരളം ഉള്‍പ്പെടെ രാജ്യത്തെ സമുദ്രതീരങ്ങളില്‍ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്തും സുരക്ഷ കൂട്ടി.
പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണു സ്‌ഫോടനമുണ്ടായത്. നാഷനല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണു സ്‌ഫോടനം നടത്തിയതെന്നു ശ്രീലങ്ക സ്ഥിരീകരിച്ചു. 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണു ഒടുവിലത്തെ റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുണ്ട്.
ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാധ്യതയുണ്ടെന്നു കണ്ടാണു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സംശയകരമായ രീതിയില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ കൂടുതലായി കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും വിന്യസിച്ചതായി വാര്‍ത്താഏജന്‍സി എഎന്‍ഐ അറിയിച്ചു.
ഇതിനിടെ, ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.