വാഷിംഗ്ടൺ: ഹാർവാർഡ് യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജുവേറ്റ് കൗൺസിൽ പ്രസിഡന്‍റായി ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി ശ്രുതി പളനിയപ്പനേയും (20), വൈസ് പ്രസിഡന്‍റായി ജൂലിയ എം. ഹുസയേയും (20) തെരഞ്ഞെടുത്തു.
യൂണിവേഴ്സിറ്റി കാന്പസിൽ നടന്ന വാശിയേറിയ മത്സരത്തിൽ നെയ്ദീൻ എം., അർണവ് അഗർവാൾ എന്നിവർ രണ്ടാം സ്ഥാനത്തെത്തി.2,797 വിദ്യാർഥികൾ വോട്ടു രേഖപ്പെടുത്തിയതിൽ ഇരുവരും 41.5 ശതമാനം വോട്ടുകൾ നേടിയപ്പോൾ എതിരാളികൾക്ക് 26.5 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡിസംബറിൽ അധികാരം ഏറ്റെടുക്കുന്ന ഇവർ "മെയ്ക്ക് ഹാർവാർഡ് ഹോം' എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ലൈംഗീക ചൂഷണം മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്യാന്പുകൾ സംഘടിപ്പിക്കുമെന്ന് ശ്രുതി പറഞ്ഞു.
1992 ൽ ചെന്നൈയിൽ നിന്നും കുടിയേറിയ മാതാപിതാക്കളോടൊപ്പമാണ് ശ്രുതിയും ഇവിടെ എത്തിയത്. 2016 ൽ ഫിലഡൽഫിയായിൽ നടന്ന ഡമോക്രാറ്റിക് ദേശീയ സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ശ്രുതി. അണ്ടർ ഗ്രാജുവേറ്റ് കൗൺസിൽ അംഗമായ ശ്രുതി കൗൺസിൽ എഡ്യൂക്കേഷൻ കമ്മിറ്റി അധ്യക്ഷയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ