എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11% ആണ് വിജയം. ടിഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേഡ്), എഎച്ച്‌എസ്‌എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകള്‍ വഴി 4,34,829 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം 97.84% ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വയനാട്ടിലും. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. ഗള്‍ഫിലെ സ്‌കൂളുകളില്‍ 495 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 489 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 681 പേര്‍ എഴുതിയതില്‍ 599 പേരാണ് വിജയിച്ചത്. 37,334 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടാനായി. 4,26,513 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഈ മാസം 20 മുതല്‍ 25 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്നു വിഷയങ്ങള്‍ സേ പരീക്ഷയില്‍ എഴുതാം.