• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാര്‍വല്‍ സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലൊസാഞ്ചലസ്: ലോകമെമ്ബാടുമുള്ള പ്രക്ഷകരെ കോരിത്തരിപ്പിച്ച സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. സ്പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍‌ക്ക്, തോര്‍, ആന്റ്മാന്‍ തുടങ്ങി ലോകം മുഴുവന്‍ ആരാധിക്കുന്ന സൂപ്പര്‍ താരങ്ങള്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ പിറവിയെടുത്തവരായിരുന്നു.

മാര്‍വല്‍ കോമിക്സിലൂടെയായിരുന്നു ഈ സൂപ്പര്‍ താരങ്ങളെയെല്ലാം സ്റ്റാന്‍ ലീ ആരാധകര്‍ക്ക് മുന്നിലെത്തിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളിലായി ചികിത്സയിലായിരുന്നു അദ്ദേഹം.

മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കി ബോളിവുഡിലൊരുങ്ങിയ ചിത്രങ്ങളിലൂടെയാണ് അയണ് മാനും ഹള്‍ക്കും തുടങ്ങി സ്റ്റാന്‍ലിയുടെ സൂപ്പര്‍ ഹീറോകള്‍ കൂടുതല്‍ ജനകീയമാകുന്നത്. ഈ ചിത്രങ്ങളിലൂടെ സ്റ്റാന്‍ ലീയും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ എന്നിവരുടെ സഹായവും സൂപ്പര്‍ ഹീറോകളെ സൃഷ്ടിക്കുന്നതില്‍ ലീക്ക് ഉണ്ടായിരുന്നു.

ചെറിയൊരു സംരംഭം എന്ന നിലയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് മാര്‍വല്‍ കോമികിസിനെ എത്തിച്ചത് ലീയുടെ സൂപ്പര്‍ താരങ്ങളായിരുന്നു. റുമാനിയയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരായിരുന്നു ലീയുടെ പൂര്‍വ്വികര്‍, 1922 ഡിസംബര്‍ 28നായിരുന്നു ജനനം. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു ലീയുടേത്. 1939ല്‍ മാര്‍വല്‍ കോമിക്സിലെ ഓഫീസ് സഹായിയായിട്ടാണ് ലീയുടെ തുടക്കം. പരേതയായ നടി ജോന്‍ ലീയാണ് സ്റ്റാന്‍ ലീയുടെ ഭാര്യ.

Top