ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മാസങ്ങളായി നടത്തുന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം വീതവും പരിക്ക് പറ്റിയവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാന്റ് മൂലമുള്ള അന്തരീക്ഷ മലിനീകരണം പ്രദേശത്തെ ജനങ്ങളെ രോഗഭീതിയിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. അതേസമയം, തൂത്തുക്കുടിയിലെ ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടെന്ന് തമിഴ്നാട് ഡി.ജി.പി ടി.കെ രാജേന്ദ്രന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും വെടിവയ്പിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രദേശ വാസികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്തും കമലഹാസനും രംഗത്തെത്തിയിരുന്നു. കോപ്പര്‍ പ്ലാന്റിനെതിരെ നടക്കുന്ന ബഹുജന പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ മൗനം തുടരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന് സമാനമായ സംഭവങ്ങള്‍ തൂത്തുക്കുടിയില്‍ സംഭവിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ കമലഹാസന്‍ കഴിഞ്ഞ മാസം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.