കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നതോടെ തൊഴിലിടങ്ങള്‍ നിശ്ചലമായി. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്‌ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കില്‍ അണിചേര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ-തൊഴിലാളി ദ്രോഹനയത്തിനെതിരെ 10 ലധികം ദേശീയ-സംസ്ഥാന തൊഴിലാളി സംഘടനകളാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.ഞായറാഴ്‌ച രാത്രി 12 ന് ആരംഭിച്ച പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കാളികളായതോടെ സമസ്ഥമേഖലയുടെയും പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുകയായിരുന്നു.